സാദ്ധ്യതകൾ സൃഷ്ടിക്കുന്ന രാഹുൽ
“രാഹുലിനെ വിക്കെറ്റ് കീപ്പറാക്കുന്നതോടെ സാഹചര്യങ്ങൾ അനുസരിച്ച് ഒരു ബാററ്റ്സ്മാനെയോ ബൗളറെയോ ടീമിൽ അധികമായി ഉൾപെടുത്താൻ സാധിക്കുന്നു. ഇത് ക്യാപ്റ്റൻ എന്ന് നിലയിൽ എനിക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് ”
ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനുശേഷം അഭിമുഖത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പറഞ്ഞ വാക്കുകളാണിവ. പരിക്കേറ്റ ഋഷഭ് പന്തിനുപകരം അവസാന രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ വിക്കെറ്റ് കീപ്പറായ കെ. എൽ രാഹുലിന്റെ പ്രകടനം കോഹ്ലിയെ ഒരുപാടു സ്വാധീനിച്ചിരിക്കുന്നു എന്നു കരുതാം. അങ്ങനെയാണെങ്കിൽ പതിനഞ്ചംഗ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂസിലന്റിനെതിരെ നടക്കുന്ന പരമ്പരയിലും ഋഷഭ് പന്തിനുപകരം രാഹുൽ വിക്കറ്റിനു പിന്നിലെത്താൻ സാധ്യതയുണ്ട്.
ലഭിച്ച അവസരങ്ങൾ മുതലാക്കുകയെന്നത് പന്ത് രാഹുലിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഒരു സാധാരണ കളിക്കാരനു ലഭിക്കാവുന്നതിനേക്കാൾ ഏറെ അവസരങ്ങൾ പന്തിന് ഇന്ത്യൻ ടീമിൽ ലഭിച്ചിരുന്നു. പക്ഷേ അവയൊന്നുംതന്നെ ഫലപ്രദമായി ഉപയോഗിക്കാൻ അയാൾക്കു സാധിച്ചില്ല. തുടക്കത്തിൽ മികച്ച സ്‌കോറുകൾ കണ്ടെത്തുകയും വിക്കറ്റിനു പിന്നിലും മോശമല്ലാത്ത പ്രകടനങ്ങൾ കാഴ്ചവെയ്ക്കുകയും ചെയ്‌തെങ്കിലും പിന്നീട് പന്തിന്റെ ദൗർബല്യങ്ങൾ ഓരോന്നായി പുറത്തുവന്നു. അവ എതിരാളികൾ മുതലെടുക്കാൻ തുടങ്ങിയതോടെ പന്തിന്റെ മോശം കാലഘട്ടം തുടങ്ങി.
പക്ഷേ അപ്പോഴും ടീം മാനേജ്മെന്റിന്റെയും നായകന്റെയും പിന്തുണ പന്തിനു ലഭിച്ചു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ അവസരം കാത്തുനിന്നിട്ടും, ആരാധകർ വിമർശനം ഉന്നയിക്കാൻ തുടങ്ങിയശേഷവും പന്തിനെ കോഹ്ലിയും ശാസ്ത്രിയും പിന്തുണച്ചു. ഫോമിലെത്തിയാൽ വിസ്ഫോടനാത്മകമായ ഇന്നിങ്‌സുകൾ കളിക്കാൻ ശേഷിയുണ്ടെന്നതും ഒരു ഇടംകൈയൻ ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്മാൻ എന്നതും അയാൾക്കു ഗുണകരമായി.
പക്ഷേ ദൗർഭാഗ്യം പന്തിനെ പരിക്കിന്റെ രൂപത്തിലാണ് പിടികൂടിയത്. ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ തലയ്ക്കു പന്തുകൊണ്ടു പരിക്കേറ്റ ഋഷഭിന് പകരം വിക്കെറ്റ് കീപ്പിങ് നിർവഹിച്ച രാഹുൽ കാണികളുടെയും മാനേജ്മെന്റിന്റെയും മനസ്സു കീഴടക്കി. മാത്രമല്ല ഇന്ത്യൻ ബാറ്റിങ് നിരയിൽ ഏതു പൊസിഷനിലും ബാറ്റിങ് ചെയ്യാൻ സാധിക്കുമെന്നതും രാഹുലിനു തുണയായി. രണ്ടാം മത്സരത്തിൽ അവസാന പത്തോവറുകളിൽ തകർത്തടിച്ച രാഹുൽ തന്നെയായിരുന്നു ടീമിന്റെ വിജയശിൽപി. തീർച്ചയായും അയാളുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം കൂടിയാണ് രാഹുൽ ഇപ്പോൾ സ്വന്തമാക്കുന്നത്.
മൂന്നാം മത്സരത്തിൽ പരിക്കേറ്റ ശിഖർ ധവാൻ ന്യൂസിലാൻഡ് പരമ്പരയിൽനിന്നും ഒഴിവാക്കപ്പെട്ടാൽ മാത്രമേ പന്ത് അവസാന ഇലവനിൽ എത്താൻ സാധ്യതകൾ അവശേഷിക്കുന്നുള്ളൂ. പക്ഷേ പ്രകടനം കൊണ്ട ഇനിയും നിരാശപ്പെടുത്തിയാൽ പന്തിന്റെ ഇന്ത്യൻ ടീമിലെ ഭാഗ്യയാത്ര ഒരുപക്ഷേ അവസാനിച്ചേക്കും






































