അവസരങ്ങൾ മുതലാക്കുന്ന രാഹുൽ
മുൻപും ഇന്ത്യക്കൊരു രാഹുൽ ഉണ്ടായിരുന്നു. ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള, ആവശ്യമെങ്കിൽ വിക്കറ്റ് കീപ്പറുടെ അധിക ചുമതല കൂടി വഹിക്കാൻ തയ്യാറാകുന്ന, ഇന്ത്യൻ ടീമിന്റെ വിജയത്തിനായി എത്ര ശക്തനായ എതിരാളിയ്ക്കുമുന്നിലും നെഞ്ചുവിരിച്ചു നിൽകാൻ തയ്യാറുള്ള നമ്മുടെ സ്വന്തം വൻമതിൽ “രാഹുൽ ദ്രാവിഡ്” ദ്രാവിഡിനോളം താരതമ്യം ചെയ്യപ്പെടാനുള്ള രീതിയിലേക്കുയരാൻ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ദ്രാവിഡിന്റെ തന്നെ നാട്ടുകാരനായ ലോകേഷ് രാഹുൽ. പക്ഷേ ഇന്ത്യൻ ടീമിന് എപ്പോഴും ഉപകാരമാകുന്ന ഒരു കളിക്കാരനാകും താനെന്ന ഇന്നത്തെ ഇന്നിംഗ്സിലൂടെ ഒരിക്കൽക്കൂടി അയാൾ തെളിയിച്ചിരിക്കുന്നു.
2014ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് ലോകേഷ് രാഹുൽ എന്ന് കർണാടകക്കാരൻ ഇന്ത്യൻ ടീമിലേക്കു കടന്നുവന്നത്. തന്റെ രണ്ടാമത്തെ ടെസ്റ്റിൽതന്നെ അതും വിദേശമണ്ണിൽ വെച്ച് കന്നി ശതകം പൂർത്തിയാക്കിയതോടെ അയാൾ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി. രണ്ടു വര്‍ഷങ്ങൾക്കുശേഷം സിംബാബ്വെക്കെതിരെ ഏകദിന അരങ്ങേറ്റത്തിൽതന്നെ സെഞ്ചുറി നേടിയ അയാൾ വൈറ്റ് ബോൾ ക്രിക്കറ്റിലും തന്റെ കഴിവുതെളിയിച്ചു. അതേ വർഷം തന്നെ വിന്‍ഡീസിനെതിരെ ടി ട്വൻറി മത്സരത്തിലും മൂന്നക്കം നേടിയ രാഹുൽ എറ്റവും വേഗത്തിൽ മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടുന്ന താരമായി മാറി.
വിൻഡീസിനെതിരെ അവരുടെ നാട്ടിൽവെച്ചു നേടിയ ശതകവും ഇംഗ്ലണ്ടിനെതിരെ നേടിയ 199 റണ്ണുകളും സാക്ഷ്യമായുണ്ടെങ്കിലും അയാളുടെ സേവനം കൂടുതലായി ഇന്ത്യക്ക് ഉപകാരമായത് വൈറ്റ് ബോൾ ക്രിക്കറ്റിൽ ആയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടിയും കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും അയാളുടെ ബാറ്റ പലകുറി ശബ്ദിച്ചു. അന്താരാഷ്ട്രതലത്തിലും നിശ്ചിത ഓവർ മത്സരങ്ങളിൽ അയാളുടെ പ്രകടനം എന്നും മികച്ചുനിന്നു. അന്താരാഷ്ട്ര ടി ട്വൻറി ക്രിക്കറ്റിൽ അയാൾ നേടിയ രണ്ടു സെഞ്ചുറികൾ അതിന്റെ തെളിവാണ്.
രോഹിത് ശർമയും ശിഖർ ധവാനും അടക്കിവാഴുന്ന ഇന്ത്യൻ ഓപണിംഗിൽ ഒരു മൂന്നാം സ്ഥാനക്കാരനായി ഒരുപാടുകാലം വാഴാൻ സാധിക്കില്ലെന്ന മനസിലാക്കിയ രാഹുൽ മധ്യനിരയിൽ തനിക്കു ലഭിച്ച അവസരങ്ങളും നന്നായി മുതലാക്കി. ടി ട്വന്റി മത്സരത്തിൽ നാലാം നമ്പരിൽ ബാറ്റിങിനിറങ്ങി മൂന്നക്കം പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യ ബാറ്സ്മാനായിരുന്നു അയാൾ. കഴിഞ്ഞ ലോകകപ്പിലും പല പൊസിഷനുകളിലായി ലഭിച്ച അവസരങ്ങൾ അയാൾ മുതലാക്കി. ഇന്നു നടന്ന മത്സരത്തിലും അയാൾ അതുതന്നെയാണ് ചെയ്തത്. രോഹിതും ധവാനും അയ്യരും പുറത്തായശേഷം ക്രീസിലെത്തിയ അയാൾ കൊഹ്ലിയ്ക്കു മികച്ച പിന്തുണ നൽകി. മാത്രമല്ല കോഹ്ലി പുറത്തായശേഷം അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുലിന്റെ മികവിലാണ് ഇന്ത്യ ഇന്നു മികച്ച ടോട്ടൽ നേടിയത്.
ഇനിയും അയാളുടെ ബാറ്റിങ്ങിൽ നിന്നും മികച്ച ഇന്നിങ്സുകൾ പിറക്കട്ടെ. രാഹുൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാകട്ടെ.






































