ക്യുക്കെ സെറ്റിയെൻ അണിയുന്ന മുൾക്കിരീടം
കുറെയേറെ കാലമായുള്ള ബാഴ്സലോണ ആരാധകരുടെ മുറവിളിയായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. കഴിഞ്ഞ രണ്ടര വർഷമായി ടീമിന്റെ പരിശീലകസ്ഥാനത്തു തുടരുന്ന വാൽവർദേയുടെ കീഴിലുള്ള ക്ലബ്ബിന്റെ പ്രകടനത്തിൽ അവർ തീരെ സന്തുഷ്ടരല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും യുവേഫ ചാംപ്യൻസ് ലീഗ് അടക്കം പ്രമുഖ യൂറോപ്യൻ കിരീടങ്ങൾ നേടാൻ സാധിക്കാതിരുന്നതും എവേ ഗ്രൗണ്ടുകളിൽ തുടർച്ചയായി പരാജയപ്പെടുന്നതും അവരുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. വാൽവർദേയുടെ പരിശീലനതന്ത്രങ്ങൾ ടീമിന്റെ സന്തുലനാവസ്ഥയെ ബാധിക്കുന്നു എന്നു മനസിലായതോടെ ഗാലറികളിലും സമൂഹമാധ്യമങ്ങളിലും വാൽവർദേ ഔട്ട് വിളികൾ നിറഞ്ഞു.
ഒടുവിൽ കഴിഞ്ഞ വാരം സ്പാനിഷ് സൂപ്പർ കോപ ടൂർണമെന്റിന്റെ സെമി ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനോടു പരാജയം സമ്മതിച്ചതോടെ വാൽവർദേയുടെ തലയുരുളുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ബാഴ്സലോണ ഇതിഹാസം ചാവിയോ, മുൻ ടോട്ടൻഹാം പരിശീലകൻ പൊചെറ്റീനോയോ ക്ലബ്ബിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്നു കരുതിയ ആരാധകരെ അദ്‌ഭുതപ്പെടുത്തിക്കൊണ്ടാണ് മുൻ റിയൽ ബെറ്റിസ് പരിശീലകനായ ക്വികെ സെറ്റിയെൻ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.
2018 നവംബർ 19നു ക്യാമ്പ് ന്യൂവിൽ വെച്ചു വാൽവർദേയുടെ ബാഴ്‌സലോണയെ 3-4 എന്ന സ്‌കോറിൽ ബെറ്റിസ് അട്ടിമറിച്ചപ്പോഴാണ് സെറ്റിയെന്റെ പേര് ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്. ഒരുപക്ഷേ അന്നേ വാൽവർദേയുടെ പിൻഗാമിയായി അയാളെ കരുതിയ ധാരാളം ബാർസ ആരാധകർ ഉണ്ടായിരിക്കണം. കാരണങ്ങൾ പലതാണ്. യുവതാരങ്ങൾക്ക് അവസരം നൽകാതെ മോശം ഫോമിന്റെ പാരമ്യത്തിൽ നിന്നപ്പോഴും സൂപ്പർ താരങ്ങളെ മാത്രം കളത്തിലിറക്കാൻ വാൽവർദേ ശ്രമിച്ചിരുന്നു എന്നതാണ് അതിലേറ്റവും പ്രധാനം. ലാ മാസിയ പോലൊരു അക്കാദമി സ്വന്തമായുള്ള ബാഴ്സലോണയ്ക്ക് ഒരിക്കലും ചേരാത്ത രീതികളായിരുന്നു അയാളുടേത്. ലയണൽ മെസ്സിയുടെ സാന്നിധ്യം മാത്രമാണ് വാൽവർദേയുടെ കീഴിൽ ടീം കൂടുതൽ മോശം അവസ്ഥയിലേക്ക് പോകാതിരിക്കുന്നതിനു കാരണമെന്നു കരുതുന്നവരും കുറവല്ല.
ബാഴ്‌സലോണയെ നാമിന്നു കാണുന്ന രീതിയിലേക്ക് കൊണ്ടുവന്ന ഡച്ച് ഫുട്ബോൾ ഇതിഹാസം യോഹാൻ ക്രൈഫിന്റെ ശൈലി ഇഷ്ടപ്പെടുന്ന, അതിലേറെ ബാഴ്‌സലോണയെ ഇഷ്ടപ്പെടുന്ന ഒരു മെസ്സി ആരാധകനായ സെറ്റിയെന്റെ സാന്നിധ്യം ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
ലോകത്തേറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം തീർച്ചയായും ഒരു മുൾകിരീടമാണ്. ലാ ലീഗ കിരീടങ്ങൾകൊണ്ടു മാത്രം ബാർസ ആരാധകർ തൃപ്തിപ്പെടില്ലെന്നത് തീർച്ചയാണ്. കൂടുതൽ കിരീടവിജയങ്ങൾക്കു മാത്രമേ ആ കിരീടത്തിൽനിന്നൊഴുകുന്ന് രക്തക്കറകൾ മായ്ക്കാൻ സാധിക്കൂ. സെറ്റിയെന് അതിനു സാധിക്കുമെന്നു പ്രത്യാശിക്കാം.
2018ൽ ക്യാമ്പ് ന്യൂവിലെ മത്സരത്തിനു ശേഷം ബാർസ താരം സെർജിയോ ബുസ്കെറ്റ്സ് സെറ്റിയെനു കൈമാറിയ ജേഴ്സിയിൽ ഇപ്രകാരം എഴുതിയിരുന്നു.
“For Quique, with appretciation and admiration for the way you view football.”
ആ കാഴ്‌ചപ്പാടിലാണ് ഇന്നു ബാഴ്സലോണ ആരാധകരുടെ പ്രതീക്ഷകൾ.






































