Cricket Editorial Top News

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്?

January 14, 2020

author:

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്?

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്?

ഇന്നു നടന്ന ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയുടെ പരാജയം കണ്ട കാണികൾ തീർച്ചയായും ഈ അന്വേഷണത്തിലാകും. കഴിഞ്ഞ പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇന്ത്യൻ ബാറ്റസ്മാൻമാർ ശരാശരി നിലവാരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതോടെ ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിലും ഇന്ത്യൻ സ്കോർ പ്രതതീക്ഷിച്ചതുപോലെ ഉയർന്നില്ലെന്നു മാത്രമല്ല നിശ്ചിത അൻപത് ഓവറുകൾ പൂർത്തിയാക്കുന്നതിനു മുന്നേ ഓൾ ഔട്ട്‌ ആവുകയും ചെയ്തിരുന്നു.

പതിവിനു വിപരീതമായി ഇന്ത്യൻ ബാറ്റിങ്ങിന് എന്താണ് സംഭവിച്ചത്?.

ആരാധകരും വിമർശകരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നത് ടീം ബാറ്റിങ് ലൈൻ അപ്പിലെ അപാകതകളാണ്. മൂന്നു ഇൻ ഫോം ഓപ്പണർമാർ ഉണ്ടെന്ന സുഖകരമായ തലവേദന ഇന്ത്യക്കു വിനയായെന്നാണ് അവരുടെ പക്ഷം. ഫോമിലുള്ള ധവാൻ, രോഹിത്, രാഹുൽ എന്നിവരെ ഉൾക്കൊള്ളുന്നതിനായി ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ബാറ്റിങ്ങിനെ സാരമായി ബാധിച്ചുവെന്നു പറയാം. ധവാനെയും രോഹിത്തിനെയും ഓപണിംഗിൽ ഇറക്കുകയും രാഹുലിനെ മൂന്നാം നമ്പരിൽ പരീക്ഷിക്കുകയും ചെയ്തതോടെ നായകൻ വിരാട് കോഹ്ലിയ്ക്ക് തന്റെ പതിവു ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പരിൽ നിന്നും താഴേക്കിറങ്ങേണ്ടി വന്നു.

പക്ഷേ ഏകദിനങ്ങളിൽ നാലാം നമ്പരിൽ വിരാടിന്റെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതുതന്നെയാണ് ഇന്ത്യൻ ബാറ്റിങ്ങിന് ഇന്നു പ്രതികൂലമായി ഭവിച്ചതും. രോഹിത് വേഗത്തിൽ പുറത്തായതിനുശേഷം ക്രീസിൽ വന്ന ധവാൻ – രാഹുൽ കൂട്ടുകെട്ട് മികച്ച അടിത്തറ നൽകിയിട്ടും അതു പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യൻ മധ്യനിര പരാജയപ്പെട്ടു. പതിവു സ്ഥാനങ്ങൾ വിട്ടു ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയും ശ്രേയസ് അയ്യരും പെട്ടന്നു പുറത്തായതോടെ അത്ര മികച്ച ഫോമിലല്ലാത്ത ഋഷഭ് പന്തിനുമേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കപ്പെട്ടു. തീർച്ചയായും ഓസ്ട്രേലിയൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെന്ന വസ്തുത തള്ളിക്കളയുന്നില്ല. പക്ഷേ ബാറ്റിങ് ഓർഡറിൽ നടത്തിയ പരീക്ഷണങ്ങളും ബാറ്സ്മാന്മാർക്ക് അതിനൊപ്പം തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നു പറയാതെ വയ്യ.

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട്. അയാളുടെ ഫോം തന്നെയാണ് ഇന്ത്യൻ പ്രകടനങ്ങളുടെ നട്ടെല്ല്. അങ്ങനെയിരിക്കുമ്പോൾ പരീക്ഷണങ്ങൾക്കായി എന്തിനാണ് വിരാടിന്റെ സ്ഥാനം മാറ്റിമറിയ്ക്കുന്നത്. നായകനെന്ന നിലയിൽ ടീമിന്റെ ബാറ്റിങ് ഓർഡർ സുസ്ഥിരമാക്കുന്നത് കോഹ്ലിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ അതിനായി ടീമിന്റെ ഏറ്റവും മികച്ച ഭാഗം പൊളിച്ചുപണിയുന്നതിൽ അർത്ഥമില്ല. പ്രത്യേകിച്ചു ഓസ്ട്രേലിയ പോലെ ഒരു മികച്ച ബൌളിംഗ് യൂണിറ്റിനെതിരെ. തീർച്ചയായും ഫോമിലുള്ള ബാറ്റ്സ്മാൻമാർ ടീമിൽ ഇടം നേടേണ്ടതുണ്ട്. പക്ഷേ അതൊരിക്കലും ടീമിന്റെ സന്തുലനാവസ്ഥയെ ബാധിക്കരുത്.

Leave a comment