Editorial Foot Ball Top News

ചുവപ്പുകൊണ്ടു ചരിത്രമെഴുതിയ വാൽവർദേ

January 13, 2020

author:

ചുവപ്പുകൊണ്ടു ചരിത്രമെഴുതിയ വാൽവർദേ

ചുവപ്പുകാർഡ് വാങ്ങി മൈതാനം വിട്ടുപോകുമ്പോൾ കളിക്കാരന്റെ മനസ്സ എത്രമാത്രം കലുഷിതമായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?. ഒരു യുദ്ധക്കളത്തിൽ തന്റെ പ്രിയപ്പെട്ടവരെ ഒറ്റയ്ക്കാക്കി കളം വിട്ടു പോകുന്ന പ്രതീതി. കളിയുടെ അവസാനം തോൽവിയാണു ഫലമെങ്കിൽ അതിന്റെ മുഴുവൻ പാപഭാരവും തന്നിലേക്കു ചൊരിയുന്നതിനായി കാത്തിരിക്കേണ്ട അവസ്ഥ.

ഇന്നലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലെ പുൽമൈതാനിയിൽ നിന്നും റഫറി തനിക്കുനേരെ നീട്ടിയ ചുവപ്പുകാർഡിന്റെ ശിക്ഷയുമേറ്റുവാങ്ങി ഫ്രഡറികോ വാൽവാർദേ പുറത്തേക്കു നടക്കുമ്പോൾ അയാളുടെ മനസ്സും അത്രയേറെ കലുഷിതമായിരിക്കണം. സ്പാനിഷ് സൂപ്പർ കോപ മത്സരത്തിന്റെ ഫൈനലിൽ അത്ലറ്റികോ മാഡ്രിഡ്‌ താരം അൽവാരോ മോറാറ്റയെ ഫൗൾ ചെയ്തു വീഴ്ത്തിയ റയൽ മാഡ്രിഡ്‌ താരം ഫ്രഡറികോ വാൽവർദേയെ പക്ഷേ കാത്തിരുന്നത് ടീമിന്റെ രക്ഷകന്റെ പരിവേഷമായിരുന്നു.

അയൽക്കാരായ റയൽ അത്ലറ്റികോ ടീമുകൾ ഈ ദശാബ്ദത്തിലെ ആദ്യ കിരീടത്തിനായി പോരാടിയപ്പോൾ മത്സരത്തിന്റെ തൊണ്ണൂറു മിനിറ്റുകൾക്ക് ശേഷവും ഇരുടീമുകളെയും വേർതിരിക്കാൻ ഒരു ഗോൾ പോലും പിറന്നിരുന്നില്ല. തുടർന്ന് അധികസമയത്തേക്കു നീണ്ട മത്സരത്തിലെ നൂറ്റി പതിനഞ്ചാം മിനുട്ടിലാണത് സംഭവിച്ചത്. ഒരു റയൽ ഫ്രീകിക്കിൽ നിന്നും വന്ന പന്തു സ്വീകരിച്ച മൊറാറ്റ അതിവേഗം പന്തുമായി എതിർഗോൾമുഖത്തേക്കു കുതിച്ചു. ഒരു പക്ഷേ മത്സരത്തിൽതന്നെ അത്ലറ്റികോയ്ക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അത്.

ഗോളി മാത്രം മുന്നിൽനിൽകെ അതിവേഗം പന്തുമായി മുന്നോട്ടു കുതിച്ച മൊറാറ്റയെ പിന്നിൽ നിന്നും വീഴ്ത്തുകയല്ലാതെ അയാൾക്കു മറ്റൊരു മാർഗവും സ്വീകരിക്കുവാൻ സാധിക്കില്ലായിരുന്നു. റഫറിയുടെ കാർഡ് തന്റെ നേരെ നീളുമെന്നുറപ്പായിട്ടും അയാളതു ചെയ്തു. സ്വന്തം ടീമിനുവേണ്ടി. കാരണം അധികസമയം അവസാനിക്കാൻ വെറും അഞ്ചുമിനുട്ടു ശേഷിക്കെ ഒരു ഗോൾ വഴങ്ങിയാൽ തിരികെവരാൻ ടീമിന് തീർച്ചയായും സാധിക്കില്ലെന്ന തിരിച്ചറിവാകാം വാൽവർദേയെ അത്തരമൊരു ഫൗളിനു പ്രേരിപ്പിച്ചത്.

റഫറിയുടെ മാർച്ചിങ് ഓർഡറും സ്വീകരിച്ചു തലകുനിച്ചു പുറത്തേക്കു നടന്ന വാൽവർദേയുടെ മുഖം തെളിയാൻ പക്ഷേ നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തന്റെ ടീം വിജയം നേടിയപ്പോൾ കളത്തിനു പുറത്തിരുന്നുകൊണ്ടയാൾ അവരുടെ വീരനായകനായി. അതങ്ങനെയാണ്, ചില തീരുമാനങ്ങൾ വഴിത്തിരിവാകും. ഇന്നലത്തെ മത്സരത്തിലെ പ്രധാന വഴിത്തിരിവായിരുന്നു അയാൾ നടത്തിയ ആ ഫൗൾ.

വാൽവർദേയുടെ ഫൗൾ മനസ്സിലെ ഓർമകളെ വർഷങ്ങൾ പിന്നിലേക്കു കൊണ്ടുപോവുകയാണ്. 2010 ലോകകപ്പിൽ ഘാനയ്‌ക്കെതിരെ ഉറുഗ്വേയുടെ ലൂയിസ് സുവാരസ് നടത്തിയ ഹാൻഡ് ബോൾ. അതിനു ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയ ഗ്യാനിന്റെ മുഖവും സുവാരസിന്റെ ആഘോഷവും. ഇവിടെ അത്ലറ്റികോയ്കും അന്നു ഖാനയ്ക്കും നീതി നിഷേധിക്കപ്പെട്ടുവെന്ന് കരുതുന്നവർ ഉണ്ടാകാം. പക്ഷേ ഫുട്ബോൾ ഇത്തരം തീരുമാനങ്ങളുടേതുകൂടിയാണ്. വിജയങ്ങളും തോൽവികളും ഒരു നിമിഷം കൊണ്ടു മാറ്റിമറിയ്ക്കുന്ന തീരുമാനങ്ങളുടേത്.

Leave a comment