തിരിച്ചുവരവിന്റെ പാതയിൽ ബ്ലാസ്റ്റേഴ്‌സ്
സീസണിലെ ഏറ്റവും മനോഹരമായ പെർഫോമൻസ്. അതും ഏറ്റവും മികച്ച കളിയുമായി കിരീടസാധ്യതകൾ ഏറ്റവുമധികം കല്പിക്കപ്പെടുന്ന ടീമിനെതിരെ. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്. സിയുടെ ഇന്നലത്തെ പ്രകടനം ഓരോ ആരാധകന്റെയും ആവേശം വാനോളമുയർത്തുന്നതായിരുന്നു, ഒപ്പം ചാരം മൂടിക്കിടന്നിരുന്ന അവരുടെ സെമി ഫൈനൽ പ്രതീക്ഷകളെ ചെറുതായെങ്കിലും ജ്വലിപ്പിക്കാനും ആ പ്രകടനത്തിനു സാധിച്ചു.
മത്സരത്തിന്റെ ആദ്യ ലൈനപ്പ് പുറത്തു വന്നപ്പോൾതന്നെ കേരളത്തിന് ആശ്വാസകരമായ വാർത്ത പുറത്തു വന്നിരുന്നു. പരിക്കുമൂലം എ.ടി. കെയുടെ പ്രമുഖതാരം ഡേവിഡ് വില്യംസ് ആദ്യ ഇലവനിൽ ഇല്ലെന്നുറപ്പായതോടെ അവരുടെ അക്രമണങ്ങൾക്ക പതിവു മൂർച്ചയുണ്ടാകില്ലായെന്നത് ഉറപ്പായിരുന്നു.
പക്ഷേ മത്സരത്തിന്റെ ആദ്യ മിനുട്ടുകൾ കേരളത്തിന് ആശങ്കയുണർത്തുന്നതായിരുന്നു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലെടുത്തു ആക്രമിച്ചുകയറിയ എ. ടി. കെ യെ തടുത്തു നിർത്താൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നന്നേ പണിപ്പെട്ടു. സ്‌ട്രൈക്കർ ഓഗ്‌ബച്ചേ പോലും പലപ്പോഴും പിന്നിലേക്കിറങ്ങി പ്രതിരോധനിരയെ സഹായിക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്വിവർലോൺ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പന്തുതട്ടാനിറങ്ങിയത്. പക്ഷേ ലീഗിലെ തന്നെ ഏറ്റവും മികച്ച ആക്രമണനിരയെ ചെറുത്തുനിർത്തുന്നതിൽ ഹക്കുവും ഡ്രോബ്രൊവുമടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വിജയിച്ചുവെന്നുതന്നെ പറയാം.
കൂടാതെ വിങ്ങുകളിൽക്കൂടി അതിവേഗം മുന്നോട്ടു കുതിയ്ക്കുന്ന റോയ് കൃഷ്ണയുടെ നീക്കങ്ങൾക്കു തടയിടാൻ മുഹമ്മദ് റാകിപിന് വിജയകരമായി സാധിച്ചു.
കൊൽക്കൊത്ത ആക്രമണങ്ങളുടെ മുനയൊടിച്ചിടത്തുനിന്നും ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾ തുടങ്ങുകയായിരുന്നു. ഓഗ്‌ബച്ചേയും മെസ്സിയും നർസാരിയുമൊക്ക എ.ടി.കെ പ്രതിരോധത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. സ്വന്തം മൈതാനമെന്ന ആനുകൂല്യം പതിയെ എ.ടി.കെയ്ക്കു സമ്മർദ്ദമായി മാറുന്ന കാഴ്ച കണ്ടുകൊണ്ടാണ് ആദ്യപകുതി അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കവും ആദ്യപകുതിയുടെ തനിയാവർത്തനമായിരുന്നു. ഹോം ഗ്രൗണ്ടിൽ സമനിലകൊണ്ടു തൃപ്തരാവാൻ തയ്യാറല്ലായിരുന്ന എ.ടി.കെ ഒരു ഗോളെങ്കിലും നേടാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷേ മികച്ച ഫോമിലായിരുന്ന ഗോളി രഹനേഷും പ്രതിരോധവും അവയെ ഫലപ്രദമായി തടഞ്ഞു. അതിനിടയിലായിരുന്നു കൊൽക്കൊത്തയുടെ ഹൃദയം നിലച്ച ആ നിമിഷം വന്നത്. മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ മുപ്പതോളം വാര അകലെനിന്നും ഹോളിചരൺ നർസാറി തൊടുത്ത അതിമനോഹരമായ ലോങ്ങ് റേഞ്ചർ കൊൽക്കൊത്ത ഗോൾവലയ്ക്കുള്ളിൽ വിശ്രമിച്ചതോടെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. പിന്നീടങ്ങോട്ടു ഗോൾ നേടാനായി എ.ടി.കെ ആഞ്ഞു ശ്രമിച്ചെങ്കിലും കേരള പ്രതിരോധം മികച്ച രീതിയിൽ അവയെ തടഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയതിനു ശേഷം അടുത്ത നിമിഷം തന്നെ റോയ് കൃഷ്ണയുടെ ഗോളെന്നുറച്ച ഒരു ഷോട്ട് രഹനേഷ് തട്ടിയകറ്റി.
സ്വന്തം കാണികളുടെ മുന്നിൽ തോൽവിയിലേക്കു നീങ്ങുമ്പോൾ എ.ടി.കെ താരങ്ങളുടെയും കോച്ചിന്റെയും സമനില കൈവിടുന്ന കാഴ്ചയായിരുന്നു പിന്നീട്. മൈതാനത്തിൽ സൃഷ്‌ടിച്ച കോലാഹലത്തിന് അവരുടെ പരിശീലകൻ അന്റോണിയോ ലോപസ് ഹബ്ബാസ് ചുവപ്പുകാർഡ് കണ്ടു മൈതാനത്തിനു പുറത്തേക്കു പോവുകയും ചെയ്തു. മറുവശത്തു കോച്ച് ഏൽകോ ഷറ്റൂരിയുടെ തന്ത്രങ്ങൾ അതേപടി ബ്ലാസ്റ്റേഴ്‌സ് കളിക്കാർ കളത്തിൽ നടപ്പിലാക്കുന്ന കാഴ്‌ച കാണികളെ ഏറെ സന്തോഷിപ്പിച്ചു. പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ എ.ടി.കെയ്ക്കു ലഭിച്ച അപകടകരമായ ഒരു ഫ്രീ കിക്ക് ഓഫ് സൈഡ് കെണിയിൽ പെടുത്തി നിർവീര്യമാക്കിയത് ആരവത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകരിച്ചത്.
നിർണായകമായ മൂന്നു പോയന്റും കരസ്ഥമാക്കിയാണ് എൽകോയും സംഘവും കൊൽക്കൊത്തയിൽനിന്നും മടങ്ങുന്നത്. പന്ത്രണ്ടു കളികളിൽനിന്നും പതിനാലു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇനിയുള്ള മത്സരങ്ങളിലും ഇതേ പോരാട്ടം കാഴ്ചവെച്ചാൽ സെമി ഫൈനൽ ബ്ലാസ്റ്റേഴ്സിൽനിന്നും ഏറെ അകലെയല്ല.






































