ഇന്ത്യൻ കായികരംഗവും പോയ ദശാബ്ദവും
ഇന്ത്യൻ കായികരംഗത്തിന് വളരെയധികം നേട്ടങ്ങൾ സമ്മാനിച്ച ഒരു ദശാബ്ദമാണ് കടന്നുപോകുന്നത്. രണ്ടര പതിറ്റാണ്ടിലേറെയായി നാം സ്വപ്നം കണ്ട ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടമടക്കം ഒട്ടേറെ അഭിമാനകരമായ മുഹൂർത്തങ്ങൾ നമുക്കു സമ്മാനിക്കാൻ ഈ ദശാബ്ദത്തിനു സാധിച്ചു. ഈ ദശാബ്ദത്തിൽ വ്യക്തിഗത മികവുകൊണ്ട് ഇന്ത്യൻ കായികരംഗത്തിന് ഒരുപാടു സംഭാവനകൾ നൽകിയ ചില പ്രതിഭകളും പ്രത്യേക പരാമർശം അർഹിക്കുന്നു.
വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ വിരുന്നെത്തിയ ഏകദിന ലോകകപ്പിൽ നിന്നുതന്നെ ആ ദശാബ്ദത്തിന്റെ അവസാനം നടക്കുവാനിരുന്ന ലോകകപ്പിനുള്ള നായകനെയും ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഉദ്ഘാടനമത്സരത്തിൽ വിരേന്ദർ സെവാഗിനൊപ്പം അടിച്ചു തകർത്ത വിരാട് കൊഹ്ലിയിലൂടെയാണ് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് സഞ്ചരിച്ചത്. ഈ ദശകത്തിന്റെ തുടക്കത്തിൽ സംഭവിച്ച സച്ചിൻ ടെൻടുൽക്കറിന്റെ വിരമിക്കൽ ഇന്ത്യൻ ടീമിനെ ഒട്ടും ബാധിക്കാതെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറുവാൻ വിരാടിനു സാധിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്സ്മാനായി വിരാട് വാഴ്ത്തപ്പെട്ട പത്തു വർഷങ്ങൾ കൂടിയാണ് കടന്നുപോകുന്നത്.
ക്രിക്കറ്റിൽ മാത്രമല്ല മറ്റു കായികരംഗങ്ങളിലും ഇന്ത്യൻ താരങ്ങൾ കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ പലതവണ നമ്മുടെ നാടിന്റെ അഭിമാനമായി. അതിൽ പ്രധാനം 2016ൽ റിയോ ഡി ജനീറോ നഗരം ആതിഥ്യം വഹിച്ച ഒളിംപിക്സ് ആയിരുന്നു. പി. വി സിന്ധുവെന്ന ഹൈദരാബാദുകാരി ഇന്ത്യയുടെ അഭിമാനമായത് അവിടെവെച്ചായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ബാഡ്മിന്റൺ താരമായി ഉയർന്നുവന്ന സിന്ധു ബാഡ്മിന്റണിൽ വെള്ളിമെഡൽ നേടിയപ്പോൾ ഗുസ്തിയിൽ വെങ്കലമെഡലുമായി സാക്ഷി മാലിക് ഇന്ത്യയുടെ മെഡൽ പട്ടിക പൂർത്തിയാക്കി. അവരോടൊപ്പം ചരിത്രത്തിൽ ആദ്യമായി ജിംനാസ്റ്റിക്സിലെ വാൾട് ഇനത്തിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യക്കാരിയായി മാറിയ ദിപ കർമാകറും ഇന്ത്യയുടെ അഭിമാനമായി മാറി. മാത്രമല്ല 2019ൽ ബേസിലിൽ നടന്ന ഫൈനലിൽ ജപ്പാന്റെ ഒകുഹാരയെ പരാജയപ്പെടുത്തി ലോകചാമ്പ്യൻഷിപ് കിരീടം നേടുവാനും സിന്ധുവിന് സാധിച്ചിരുന്നു.
റിയോ ഒളിംപിക്സിനും നാലു വർഷം മുന്നേ ലണ്ടനിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം എന്നു വിശേഷിപ്പിക്കാവുന്നതും ലണ്ടൻ ഒളിമ്പിക്സിലെ ആറു മെഡലുകളാണ്. ഷൂട്ടിങ്ങിൽ വിജയ് കുമാറും ഗുസ്തിയിൽ സുശീൽ കുമാറും വെള്ളിമെഡലുകൾ നേടിയപ്പോൾ മേരി കോം (ബോക്സിങ്), സൈന നേവാൾ (ബാഡ്മിന്റൺ), യോഗേശ്വർ ദത്ത (ഗുസ്തി), ഗഗൻ നാരങ് (ഷൂട്ടിംഗ് ) എന്നിവർ വെങ്കലമെഡലുകൾ നേടി.
അത്ലറ്റിക്സിലും മികച്ച ഒരുപിടി പ്രകടനങ്ങൾ ഈ കാലയളവിൽ ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തു. 2018 ജൂലൈയിൽ ഫിൻലണ്ടിൽ നടന്ന ജൂനിയർ ലോക ട്രാക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയപ്പോൾ ആദ്യമായി ഒരു ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഇൻഡ്യാക്കാരിയായി മാറിയ ഹിമ ദാസ്, പതിനെട്ടു വയസ്സുള്ളപ്പോൾ ലണ്ടൻ ഒളിംപിക്സിലെ സ്വർണമെഡലുകാരനെക്കാൾ ദൂരം ജാവലിൻ പായിച്ച നീരജ് ചോപ്ര മുതലായവരിലൂടെയാണ് അന്താരാഷ്ട്രവേദിയിൽ ഇന്ത്യൻ പതാക തലയുയർത്തി നിന്നത്.
സുനിൽ ഛേത്രിയെപ്പറ്റി പറയാതെ എങ്ങനെ നമുക്ക ഈ ദശാബ്ദത്തിനോട് വിട ചൊല്ലാൻ സാധിക്കും?. ഇക്കാലയളവിൽ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഇന്ത്യൻ ഫുട്ബോളിനെ ചുമലിലേറ്റി നടന്നവൻ, ലോക വേദിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീകമായവൻ, സാക്ഷാൽ ലയണൽ മെസ്സിയെക്കാൾ കൂടുതൽ അന്താരാഷ്ട്രഗോളുകൾ നേടിയവൻ. അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഛേത്രിയ്ക്ക്. ഇനിയും അയാൾക്കു പകരം വെയ്ക്കാനൊരു താരത്തെ ഇന്ത്യൻ ഫുട്ബോൾ കണ്ടെത്തിയിട്ടില്ല.
ഇനിയുമുണ്ട് ഒരുപാടു പേരുകൾ. ടേബിൾ ടെന്നിസ് താരം മണിക ബത്ര, കഴിഞ്ഞ ദശാബ്ദത്തിൽ ഏകദിനക്രിക്കറ്റിൽ ഡബിൾ സെഞ്ചുറികളുടെ വസന്തം തീർത്ത സാക്ഷാൽ ഹിറ്റമാൻ രോഹിത് ശർമ, 2012ൽ ലോക ആർച്ചറി റാങ്കിങ്ങിൽ ഒന്നാമതെത്തിയ ദീപിക കുമാരി, അങ്ങനെ ഒരുപാടു പേരുകൾ. അടുത്ത ദശാബ്ദത്തിലും ഇന്ത്യൻ കായികരംഗം ഇതിനേക്കാൾ മികവുപുലർത്തുമെന്നു പ്രത്യാശിക്കാം.






































