Cricket Editorial Top News

സഞ്ജുവിനുവേണ്ടി നാം എല്ലാം മറക്കുമ്പോൾ

December 9, 2019

author:

സഞ്ജുവിനുവേണ്ടി നാം എല്ലാം മറക്കുമ്പോൾ

ഇന്നലെ നടന്ന ടി ട്വൻറി മത്സരത്തിലെ തോൽവിയെക്കാൾ പലരുടെയും മനസ്സിനെ വേദനിപ്പിച്ചത് നമ്മുടെ സ്വന്തം സഞ്ജു സാംസണ് ടീമിൽ ഇടം നേടാൻ കഴിയാതെ പോയതായിരുന്നു. അതവർ പ്രകടിപ്പിച്ചതാവട്ടെ കേരള കായിക സംസ്കാരത്തിനു തന്നെ നാണക്കേടാവുന്ന രീതിയിലായിരുന്നു. ഋഷഭ് പന്തിന്റെ കയ്യിൽനിന്നും ക്യാച്ച് നഷ്ടപ്പെട്ട നിമിഷം ഗാലറിയിൽ നിന്നും ഉയർന്ന സഞ്ജു സഞ്ജു എന്ന ആരവം നായകൻ വിരാട് കോഹ്ലിപോലും ആസ്വദിച്ചിരുന്നില്ല.

തീർച്ചയായും സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുവാൻ മലയാളികളായ ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആഗ്രഹിക്കുന്നുണ്ടാകും. സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങൾ അതിനു അയാളെ അർഹനുമാക്കുന്നുണ്ട്. പക്ഷേ ഇത് ഇന്ത്യയാണ്. ഇവിടെ ക്രിക്കറ്റിൽ ഒരിക്കലും പ്രതിഭകൾക്കു ദാരിദ്ര്യമുണ്ടായിട്ടില്ല. കഴിഞ്ഞ ആഭ്യന്തര സീസണിൽ നൂറിലേറെ ശരാശരിയിൽ ബാറ്റു വീശിയ മനീഷ് പാണ്ഡെ പോലും ടീമിനു പുറത്താണെന്ന കാര്യം നാം വിസ്മരിക്കരുത്.

നിലവിലെ സാഹചര്യത്തിൽ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാത്ത ഋഷഭ് പന്തിനു പകരം സഞ്ജു ടീമിലെത്തണമെന്ന് ഭൂരിഭാഗം ക്രിക്കറ്റ്‌ ആരാധകരും ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ ഇന്ത്യൻ ടീമിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ള ഒന്നല്ല. ഒന്നിലധികം സീസണുകളിൽ ഒരുപക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ സെലക്ടർമാരുടെ കണ്ണിൽ ഇടംനേടാൻ സാധിക്കൂ. ഋഷഭ് പന്തും അങ്ങനെ തന്നെയാണ് ഇന്ത്യൻ ടീമിലെത്തിയത്. ഐ. പി. എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഏതൊരു ക്രിക്കറ്റ്‌ താരവും കൊതിക്കുന്ന പ്രകടനങ്ങൾ അയാളിൽനിന്നും നാം കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു കളിക്കാരനെ വളരെ പെട്ടന്ന് ഒഴിവാക്കുവാൻ ഒരിക്കലും മാനേജ്മെന്റ് തയ്യാറാകില്ല.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിലയുറപ്പിക്കുന്നതിനു മുന്നേ തന്നെ മികച്ച ഷോട്ടുകൾ കളിക്കാൻ പന്തിനു സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ വൻ റൺ ചേസിൽ ഇരട്ടി പ്രഹരശേഷിയിൽ പന്ത് നേടിയ പതിനെട്ടു റണ്ണുകൾ ഇന്ത്യയുടെ വിജയത്തിലും നിർണായക പങ്കു വഹിച്ചു. അത്തരമൊരു പ്രകടനത്തിനുശേഷം എങ്ങനെയാണ് തൊട്ടടുത്ത മത്സരത്തിൽ അയാളെ പുറത്താക്കാൻ സാധിക്കുക?. അതിൽ എങ്ങനെ വിരാട് കോഹ്ലിയെ കുറ്റപ്പെടുത്താൻ സാധിക്കും?.

ഒരു ചില ശതമാനം കാണികളുടെയെങ്കിലും വികാരപ്രകടനങ്ങൾ കേരള ക്രിക്കറ്റിനെ മോശമായി ചിത്രീകരിച്ചുവെന്നു തന്നെ പറയാം. തീർച്ചയായും സഞ്ജു പ്രതിഭാശാലിയായ കളിക്കാരനാണ്. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ അയാൾക്കുമുന്നിൽ തുറക്കപ്പെടും. ആ നിമിഷം ആസ്വദിക്കാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് നാം ചെയ്യേണ്ടത്. ആ നിമിഷത്തിൽ സഞ്ജുവിനൊപ്പം ഗർവോടെ തലയുയർത്തിനില്കേണ്ടവരാണ് നാം ഓരോരുത്തരും. സഞ്ജു കളിക്കട്ടെ സമ്മർദ്ദമില്ലാതെ. ലഭിക്കുന്ന അവസരങ്ങൾ മുതലാക്കി അയാൾ നമ്മുടെ അഭിമാനമാകട്ടെ.

Leave a comment