Cricket IPL Top News

ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കി കോലിയും ഡിവില്ലിയേഴ്സും

April 14, 2019

author:

ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കി കോലിയും ഡിവില്ലിയേഴ്സും

ക്രിസ് ഗെയിലിന്റെ ഒറ്റയാൾ പോരാട്ടത്തിന് കോലിയും ഡിവില്ലിയേഴ്സും ചേർന്ന് മറുപടി പറഞ്ഞപ്പോൾ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂരും തങ്ങളുടെ അക്കൗണ്ട് തുറന്നു. നീണ്ട ആറു മത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏഴാം മത്സരത്തിൽ ബാംഗ്ലൂർ വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. ആദ്യ അഞ്ച് ഓവറുകളിൽ സൂക്ഷിച്ച ബാറ്റ് വീശിയ ഗെയിലും രാഹുലും ചേർന്ന് നേടിയത് 36 റൺസ് ആണ്. എന്നാൽ ആറാം ഓവർ എറിയാൻ വന്ന സിറാജ് ഓവർ പൂർത്തിയാക്കുമ്പോഴേക്കും സ്കോർ 60 ൽ എത്തിയിരുന്നു. സിറാജിന്റെ ഒരോവറിൽ നിന്നും ഗെയിൽ അടിച്ചു കൂട്ടിയത് മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുകളും അടക്കം 24 റൺസ് ആണ്. തൊട്ടടുത്ത ഓവറിൽ രാഹുലിനെ പട്ടേലിന്റെ കൈകളിൽ എത്തിച്ച് യുസ്‌വേന്ദ്ര ചാഹൽ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. തന്റെ രണ്ടാം ഓവറിൽ മായങ്ക് അഗർവാളിനെയും മടക്കി അയച്ച് ചാഹൽ പഞ്ചാബിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗെയിലൊഴികെ ആർക്കും തന്നെ 20 കടക്കാൻ ആയില്ല എന്നുള്ളത് ഗെയിലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു വശത്തു ഒന്നൊന്നായി വിക്കറ്റുകൾ വീണത് ഗെയിലിനെയും പ്രതിരോധത്തിൽ ആക്കി. അവസാന ആറു ഓവറുകളിൽ മൻദീപ് സിങ്ങിനെയും കൂട്ട് പിടിച്ച് നേടിയ 62 റൺസ് ആണ് പഞ്ചാബ് സ്കോർ 173 ൽ എത്തിച്ചത്. ഒരു ഇന്നിംഗ്സ് മുഴുവൻ ബാറ്റ് ചെയ്തിട്ടും ഗെയിൽ സെഞ്ചുറി അടിക്കാതെ പുറത്താകാതെ നിന്നത് കാണികളെ അദ്‌ഭുതപ്പെടുത്തി. 64 പന്തുകൾ നേരിട്ട അദ്ദേഹം 99 റൺസ് (10×4 & 5×6) എടുത്ത് പുറത്താകാതെ നിന്നു. ഗെയിൽ ഇതാദ്യമായാണ് ഐപിഎല്ലിൽ സെഞ്ചുറി തികക്കാതെ പുറത്താകാതെ നിൽക്കുന്നത്.

മറുപടി ബാറ്റിങ്ങിൽ മികച്ച രീതിയിൽ തുടങ്ങിയ ബാംഗ്ലൂർ നാലാമത്തെ ഓവറിൽ 43 റൺസ് എടുത്തു നിൽക്കുമ്പോഴാണ് ആദ്യ വിക്കെറ്റ് നഷ്ടമായത്. പാർഥിവ് പട്ടേൽ 19 റൺസ് എടുത്ത് പുറത്തായി. പിന്നീട് ഒത്തുചേർന്ന ഡിവില്ലിയേഴ്സും കോലിയും ചേർന്ന് ബാംഗ്ലൂരിനെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ച് കൊണ്ടിരിക്കെ 67 റൺസ് എടുത്ത കോലി ഷമിക്ക് വിക്കറ്റ് നൽകി മടങ്ങി. കോലി പുറത്തായ ശേഷം അധികം അപകടങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് തന്നെ ഡിവില്ലേഴ്‌സും സ്റ്റോയ്‌നിസും ചേർന്ന് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചു. ഡിവില്ലിയേഴ്സ് 59 റൺസും സ്റ്റോയ്‌നിസ് 28 റൺസും എടുത്ത് പുറത്താകാതെ നിന്നു.

കോലിയെയും ഡിവില്ലേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നു എന്നതും ദുർബലമായ ബൗളിംഗ് നിരയും ആണ് ബാംഗ്ലൂരിനെ വല്ലാതെ അലട്ടുന്ന പ്രശ്നം. എത്ര വലിയ സ്കോർ നേടിയാലും അത് പ്രതിരോധിക്കാനുള്ള കഴിവ് ബാംഗ്ലൂർ ബൗളിംഗ് നിരക്ക് ഉണ്ടോ എന്നത് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ചോദ്യമാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചു പ്ലേയ് ഓഫിൽ കടക്കാനാകും ബാംഗ്ലൂർ ശ്രമിക്കുന്നത്. എന്നാൽ ഈ ടീമിനെ കൊണ്ട് അതെത്രത്തോളം സാധ്യമാകും എന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു.

Leave a comment