മല്ലി; ഉയരങ്ങളിലെ ഇന്ത്യയുടെ സുവർണതാരം
ലോകത്തു എത്ര കായിക ഇനങ്ങൾ ഉണ്ടെന്നു പറയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ പ്രശസ്തമായ കായിക ഇനങ്ങൾ എത്രയുണ്ടെന്നു പറയാൻ ഒരു പക്ഷെ ചിലർക്കു സാധിച്ചേക്കും. ഇതിൽ മുഖ്യധാരാ കായിക ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്ന ഒരു വിഭാഗമാണ് എക്സ്ട്രീം സ്പോർട്സ് അഥവാ അഡ്വെഞ്ചർ സ്പോർട് എന്നറിയപ്പെടുന്ന അതിസാഹസികമായ കായിക ഇനങ്ങൾ. കാർ റേസിംഗ് ഇതിഹാസം മൈക്കിൾ ഷുമാക്കറിന്റെ ജീവിതം തകർത്ത ആൽപൈൻ സ്കീയിങ്, മൗണ്ടൈനീറിങ് മുതലായവ ഇത്തരം കായിക ഇനങ്ങളിൽ ചിലതാണ്. ഒരു ചെറിയ പിഴവിനു ചിലപ്പോൾ ജീവൻ തന്നെ പകരം നൽകേണ്ടി വരുമെന്നതിനാലാവാം ഇത്തരം കായിക ഇനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകാത്തത്. എങ്കിലും സാഹസികതയുടെ ലോകത്തു സ്വന്തം പേരെഴുതിച്ചേർത്ത ചില ഇതിഹാസതാരങ്ങളുണ്ട്. ഇവരിൽ ഇന്ത്യയുടെ സംഭാവനയാണ് “മല്ലി മസ്താൻ ബാബു” എന്ന പർവതാരോഹകൻ.
എന്തുകൊണ്ട് മല്ലി എന്ന പർവതാരോഹകനു കായികതാരങ്ങൾക്കിടയിൽ സ്ഥാനം എന്നു നെറ്റിചുളിക്കുന്നതിനു മുൻപ് മല്ലിയുടെ ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കുന്നതു നല്ലതാണ്. കാരണം ഓരോ ഭാരതീയനും അറിയേണ്ട അല്ലെങ്കിൽ ഓർക്കേണ്ട വ്യക്തിത്വം ആണ് മല്ലി.
1974 സെപ്റ്റംബർ മാസം മൂന്നാം തീയതി ആന്ധ്രപ്രദേശിലെ നെല്ലൂർ എന്ന ഗ്രാമത്തിലാണ് മല്ലി ജനിച്ചത്. പഠനത്തിൽ വളരെയധികം മുന്നിലായിരുന്ന് മല്ലി 1996ൽ ജംഷഡ്പൂർ ഐ.ഐടിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദവും 1998ൽ ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മൂന്നുവർഷം സത്യം ഇൻഫോടെക്കിൽ എൻജിനീയറായി ജോലിനോക്കിയശേഷം കൊൽക്കൊത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഒരു റിസർച്ച് ചെയ്യുന്നതിനിടയിലാണ് അദ്ദേഹം തന്റെ തന്നെ നാട്ടുകാരനായ കേണൽ ഉദയഭാസ്കർ റാവുവിനെ പറ്റി കേൾക്കുന്നത്. ഇന്ത്യൻ ആർമിയുടെ ഒരു എവറസ്റ് പര്യവേഷണത്തിനിടെ കൊല്ലപ്പെട്ട റാവുവിന്റെ ജീവിതം പ്രചോദനമാക്കിയ മല്ലി പിന്നീട് അദ്ദേഹത്തിന്റെ വഴി പിന്തുടരുവാൻ തീരുമാനിച്ചു.
ലോകത്തിലെ കീഴടക്കാൻ പ്രയാസ്സമുള്ള ഓരോ കൊടുമുടി ശിഖരങ്ങളും മല്ലിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉയരങ്ങൾ ഒരു വെറിയോടെ തന്റെ കാൽകീഴിലാക്കിയ മല്ലിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിജയമായിരുന്നു സെവൻ സമ്മിറ്റ് എന്നറിയപ്പെടുന്ന ഏഴു വൻകരകളുടെയും ചക്രവർത്തിപദം.
ലോകത്തെ ഏഴു വൻകരകളിലെയും ഏറ്റവും ഉയരമേറിയ കൊടുമുടികൾ കീഴടക്കുന്ന വിശ്വവിജയത്തെയാണ് സെവൻ സമ്മിറ്റ് എന്നു വിളിക്കുന്നത്. 2006 ജനുവരി 19ആം തീയതി അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വിൻസൻ മാസിഫ് കീഴടക്കി തന്റെ ദൗത്യം തുടങ്ങിയ മല്ലി തുടർന്നുള്ള 171 ദിവസങ്ങൾക്കുള്ളിൽ ബാക്കി ആറു വൻകരകളിലെയും ഉയരങ്ങൾ കീഴടക്കി. മല്ലിയുടെ ആരെയും അദ്ഭുദപ്പെടുത്തുന്ന ആ വിജയങ്ങളുടെ പട്ടിക തുടർന്നു വായിക്കുക…
അന്റാർട്ടിക്ക – വിൻസൻ മാസിഫ് – 2006 ജനുവരി 19.
സൗത്ത് അമേരിക്ക – അക്കോൺകാഗ്വാ – 2006 ഫെബ്രുവരി 17.
ആഫ്രിക്ക – കിളിമഞ്ചാരോ – 2006 മാർച്ച് 15.
ഓസ്ട്രേലിയ – മൗണ്ട് കോസിസ്കോ – 2006 ഏപ്രിൽ 1.
ഏഷ്യ – മൗണ്ട് എവറസ്റ്റ് – 2006 May 21.
യൂറോപ്പ് – മൗണ്ട് എൽബ്രൂസ് – 2006 June 13.
നോർത്ത് അമേരിക്ക – മൗണ്ട് മക്കിൻലി – 2006 July 10.
വെറും 172 ദിവസങ്ങൾക്കുള്ളിൽ ഏഴു വൻകരകളും കീഴടക്കിയ മല്ലി നടന്നു കയറിയത് റെക്കോർഡുപുസ്തകത്തിലേക്കാണ്. എറ്റവും കുറച്ചു ദിവസത്തിനുള്ളിൽ സെവൻ സമ്മിറ്റ് പൂർത്തിയാക്കിയ മല്ലിയുടെ ലോകറെക്കോർഡ് ആരും ഇതുവരെ ഭേദിച്ചിട്ടില്ല. വർഷത്തിലെ തുടർച്ചയായുള്ള 7 മാസങ്ങളിൽ എന്നതും ആഴ്ചയിലെ ഏഴു വ്യത്യസ്ത ദിവസങ്ങളിൽ (ഞായർ മുതൽ ശനി വരെ) ഏഴു വൻകരകൾ കീഴടക്കുക എന്നതും ലോകത്തിൽ മല്ലിക്കു മാത്രം അവകാശമുള്ള റെക്കോർഡുകളാണ്.
മല്ലിയുടെ വീരകഥകൾ അവിടം കൊണ്ടവസാനിക്കുന്നില്ല. 2007 ഒക്ടോബർ 21 മുതൽ സെപ്റ്റംബർ 3 വരെയുള്ള 14 ദിവസങ്ങൾക്കുള്ളിൽ 14 വ്യത്യസ്ത സംസ്ഥാനങ്ങളിൽ 14 ഹാഫ് മാരതോനുകൾ ഓടിത്തീർത്തു മല്ലി. എവറസ്റ്റ് മുതൽ കാഞ്ചൻ ജംഗ വരെയുള്ള അതീവ ദുർഘടമായ ആയിരത്തോളം കിലോമീറ്ററുകൾ കടൽത്തീരത്തെ മണൽകൂനകൾ ചാടിക്കടക്കുന്ന കുട്ടിയുടെ ലാഘവത്തോടെ വെറും 75 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മറികടക്കുമ്പോൾ ഹിമാലയം മല്ലിയെ തന്റെ മടിത്തട്ടിൽ സ്വന്തം മകനെപ്പോലെ സംരക്ഷിച്ചിരിക്കണം. പർവതാരോഹകരുടെ പേടിസ്വപ്നമായിരുന്ന എവറസ്റ്റ് മുതൽ കൈലാസം വരെയുള്ള ദൂരം ഉയരങ്ങളിൽ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി ഒറ്റയ്ക്ക് സഞ്ചരിച്ചു ആ പ്രകൃതിസ്നേഹി. തന്റെ പ്രചോദനമായിരുന്ന ഉദയഭാസ്കർ റാവുവിന്റെ സ്കൂൾ ഫ്ലാഗ് എന്നെന്നേക്കുമായി എവറസ്റ്റ് കൊടുമുടിയുടെ ഉന്നതിയിൽ സ്ഥാപിച്ച മല്ലി മറ്റൊരു ഏകലവ്യനായ് മാറി.
ലാറ്റിനമേരിക്കൻ പ്രകൃതിയുടെ ഒരു ആരാധകനായിരുന്നു മല്ലി. ലോകത്തിന്റെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്ന ആ വൻകരയിലെ ആൻഡീസ് പർവതനിരയിലെ 14 കൊടുമുടികളും കീഴടക്കുക എന്നതായിരുന്നു മല്ലിയുടെ അടുത്ത ലക്ഷ്യം. ഇതിൽ പത്താമത്തെ കൊടുമുടിയായ ‘ട്രെസ് ക്രൂക്സ് വിജയകരമായി കീഴടക്കിയശേഷം തിരികെയിറങ്ങുമ്പോൾ മോശം കാലാവസ്ഥയിൽ 2015 മാർച്ച് 24ആം തീയതി അദ്ദേഹത്തെ കാണാതായി. തിരച്ചിലിനൊടുവിൽ ഏപ്രിൽ മൂന്നാം തീയതി അദ്ദേഹത്തിന്റെ മൃതദേഹം കൊടുമുടിയുടെ അടിവാരത്തുനിന്നും കണ്ടെത്തി. ലോകത്തിലെ ഏതൊരു യുവാവും കൊതിക്കുന്ന വിദ്യാഭ്യാസയോഗ്യതകൾ ഉണ്ടായിട്ടും തന്റെ ജന്മനിയോഗത്തിനു പിറകെ പോയ മല്ലി അവസാനശ്വാസം വരെയും അതു കാത്തുസൂക്ഷിച്ചു.
ലോകപ്രശസ്ത സാഹിത്യകാരനായ ഏണസ്റ് ഹെമിങ്വേയുടെ വാക്കുകൾ കടമെടുത്താൽ “There are only three sports: Bullfighting, Motor Racing and Mountaneering; all the rest are merely games.” അതെ, മല്ലി ലോകത്തിനു ഭാരതം നൽകിയ മഹത്തായ സംഭവനകളിലൊന്നു തന്നെയാണ്. ഈ ജീവിതം വായിച്ചതിനു ശേഷം നിങ്ങൾ പറയൂ, ഒരു മഹാനായ കായികതാരമായി ഓര്മിക്കപെടാൻ മല്ലിക്ക് അർഹതയില്ലേ?.






































