ഫെഡറേഷൻ കപ്പ് വോളിബോളിൽ കേരളത്തിന് ഇരട്ടക്കിരീടം
കൊച്ചി: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഒരു ടീം ഇരട്ട കിരീടം നേടുന്നത്. പുരുഷ വിഭാഗം ഫൈനലിൽ തമിഴ്നാടിനെയാണ് കേരളം തകർത്തത്. വനിതാ വിഭാഗത്തിൽ നിലവിലെ ചാംപ്യൻമാരായ റെയിൽവേസിനെ മറികടന്നാണ് കിരീടം ചൂടിയത്. കേരളം ഈ നേട്ടം ആദ്യമായാണ് നേടുന്നത്.
തമിഴ് നാടിനെതിരെ മികച്ച പ്രകടനമാണ് കേരള പുരുഷ ടീം നടത്തിയത്. പഞ്ചാബിനെ സെമിയിൽ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്. സ്കോർ:25-21, 25-18, 25-18. വനിത ടീം റെയിൽവേസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. വനിതാ ടീം ക്യാപ്റ്റൻ എസ് രേഖയുടെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് കേരളം നടത്തിയത്.






































