Cricket Editorial Top News

വേൾഡ് കപ്പ്‌ ഹീറോ പ്ലങ്കറ്റിനെ തഴഞ്ഞ് ഇംഗ്ലണ്ട്

September 23, 2019

author:

വേൾഡ് കപ്പ്‌ ഹീറോ പ്ലങ്കറ്റിനെ തഴഞ്ഞ് ഇംഗ്ലണ്ട്

ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡിന്റെ പുതിയ വൈറ്റ് ബോൾ കോൺട്രാക്ട് ലിസ്റ്റ് പുറത്തുവന്നപ്പോൾ ആരാധകരെ എറ്റവും അദ്‌ഭുതപ്പെടുത്തിയത് ലിയാം പ്ലങ്കറ്റിന്റെ അഭാവമായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്ലങ്കറിന് എന്തുകൊണ്ടു കോൺട്രാക്റ്റ് നൽകിയില്ലയെന്നത് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.

2015 ലോകകപ്പിനുശേഷം മുഖം മിനുക്കിയ ഇംഗ്ലീഷ് ലിമിറ്റഡ് ഓവർ ടീമിലെ നിർണായക ഘടകമായിരുന്നു പ്ലങ്കറ്റ്. ഇംഗ്ലണ്ട് ആദ്യറൗണ്ടിൽ പുറത്തായ ലോകകപ്പിനു ശേഷം 2019 ലോകകപ്പുവരെയുള്ള നാലു വർഷങ്ങളിൽ തൊണ്ണൂറിലധികം ഏകദിന വിക്കറ്റുകൾ പ്ലങ്കറ്റ് വീഴ്ത്തിയിരുന്നു. ഈ കാലയളവിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇംഗ്ളീഷ് ഫാസ്റ്റ് ബൌളറും ഈ വലം കൈയൻ തന്നെ. 2019 ലോകകപ്പിലാകട്ടെ ഇന്ത്യക്കെതിരെയുള്ള നിർണായക മൽസരത്തിലും ന്യൂസിലൻഡിനെതിരായ ഫൈനൽ മത്സരത്തിലും മൂന്നുവീതം വിക്കെറ്റുകൾ വീഴ്ത്തിയ പ്ലങ്കറ്റ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിർണായക ഘടകമായിരിക്കെ തന്നെ പുറത്താക്കിയതിലുള്ള വിഷമം പ്ലങ്കറ്റ് വ്യക്തമാക്കിക്കഴിഞ്ഞു.

“കോൺട്രാക്ട് ലഭിച്ച എല്ലാ കളിക്കാർക്കും അഭിനന്ദനങ്ങൾ, നിങ്ങളിലൊരാളാകാൻ കഴിയാത്തതിൽ എനിക്ക് അതിയായ സങ്കടമുണ്ട്”. നിരാശനായ പ്ലങ്കറ്റ് തന്റെ ട്വിറ്റെർ അക്കൗണ്ടിൽ ഇപ്രകാരം കുറിച്ചു.

പ്രായം തന്നെയാകും പ്ലങ്കറ്റിനു കരാർ നിഷേധിക്കാൻ ഇംഗ്ളീഷ് ക്രിക്കറ്റ്‌ ബോർഡിനെ പ്രേരിപ്പിച്ച ഘടകമെന്നതിൽ സംശയമില്ല. മുപ്പത്തിനാലുകാരനായ പ്ലങ്കറ്റിന് ഇന്ത്യയിൽ വച്ചു നടക്കുന്ന അടുത്ത ഏകദിന ലോകകപ്പാകുമ്പോഴേക്കും മുപ്പത്തിയെട്ടു വയസ്സാകും. അടുത്ത ലോകകപ്പിനായി ഇപ്പോഴേ തയ്യാറെടുപ്പു തുടങ്ങിക്കഴിഞ്ഞ ഇംഗ്ലണ്ട് ടീമിൽ നിന്നും പ്ലങ്കറ്റ് പുറത്താകാൻ ഇവയൊക്കെയാകാം കാരണങ്ങൾ കൂടാതെ ജോഫ്ര ആർച്ചർ പോലെയുള്ള മികച്ച യുവ ഫാസ്റ്റ് ബൗളർമാരുടെ വരവും പ്ലങ്കറ്റിനപ്പുറത്തേക്കു ചിന്തിക്കാൻ ത്രീ ലയൻസിനെ നിർബന്ധരാക്കിയിരിക്കാം.

പ്രൊഫഷണലിസമില്ലായ്മയാണ് 2015 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ദയനീയ പരാജയത്തിനു കാരണമെന്നു പരക്കെ വിമർശനമുയർന്നിരുന്നു. അതിനു ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡ് കടുത്ത നിലപാടുകളെടുത്തതിന്റെ ഫലമായിരുന്നു നാലു വർഷത്തിനുശേഷം ലോർഡ്‌സിൽ അവരുയർത്തിയ ലോകകിരീടം. അതേ പ്രൊഫഷണലിസത്തിന്റെ പാതയിലൂടെ മുന്നേറാൻ തീരുമാനിച്ച ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡിന്റെ തീരുമാനം ഒരുപക്ഷേ ശരിയായിരിക്കാം. പക്ഷേ മികവിന്റെ പാരമ്യത്തിൽ നിൽക്കേ തഴയപ്പെട്ട പ്ലങ്കറ്റിന് ഇതൊരു നീതികേടായി തോന്നിയാൽ അദ്‌ഭുതമില്ല.

Leave a comment