ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉറപ്പാക്കാൻ സർക്കാർതല ഇടപെടൽ തേടി ബിസിബി
ധാക്ക : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം സുഗമമാക്കുന്നതിനായി സർക്കാർതലത്തിൽ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് തമീം ഇഖ്ബാൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബിസിബി സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ സയീദ് ഇബ്രാഹിമിനൊപ്പമാണ് അദ്ദേഹം ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ശമ ഒബൈദ് ഇസ്ലാമിന്റെ ഓഫീസിലെത്തി ചർച്ച നടത്തിയത്. കൂടിക്കാഴ്ച നടന്നതായി തമീം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സെപ്റ്റംബറിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യൻ ടീം ബംഗ്ലാദേശിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പര സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായി സർക്കാർതലത്തിൽ ബന്ധപ്പെടണമെന്ന് ബിസിബി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. പരമ്പര നടക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അന്തിമ തീരുമാനം സർക്കാർതല ഇടപെടലുകളെ ആശ്രയിച്ചിരിക്കുകയാണെന്ന് തമീം നേരത്തേ വ്യക്തമാക്കിയിരുന്നു.
2024-ൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–ബംഗ്ലാദേശ് പരമ്പര രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് മാറ്റിവെച്ചിരുന്നു. പിന്നീട് 2025-ലേക്ക് മാറ്റിയെങ്കിലും ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം പരമ്പര അനിശ്ചിതത്വത്തിലായി. അതേസമയം, സെപ്റ്റംബറിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ഇന്ത്യ നൽകിയ ക്ഷണവും ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തയ്യാറാണെന്ന സൂചനകളും പരമ്പര നടക്കുമെന്ന പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.






































