Editorial Foot Ball Top News

മൗറീഞ്ഞോയുടെ നിഴലിൽ ഇൻസാഗിയുടെ ഇന്റർ: ചരിത്രം ആവർത്തിക്കുമോ സാൻ സിറോയിൽ?

April 9, 2025

author:

മൗറീഞ്ഞോയുടെ നിഴലിൽ ഇൻസാഗിയുടെ ഇന്റർ: ചരിത്രം ആവർത്തിക്കുമോ സാൻ സിറോയിൽ?

സിമോൺ ഇൻസാഗിയുടെ പരിശീലനത്തിന് കീഴിൽ ഇന്റർ മിലാൻ മൂന്ന് കിരീടങ്ങൾക്കായി പോരാട്ടം തുടരുമ്പോൾ, ഫുട്ബോൾ ലോകം ഓർക്കുന്നത് 2010-ലെ ഹോസെ മൗറീഞ്ഞോയുടെ ട്രെബിൾ നേടിയ ഇതിഹാസ ടീമിനെയാണ്. ചൊവ്വാഴ്ച ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ ചെന്ന് 2-1 ന് വീഴ്ത്തിയതോടെ ആ താരതമ്യങ്ങൾക്ക് ശക്തിയേറി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ നേടിയ ഈ വിജയം ഇന്ററിന് രണ്ടാം പാദത്തിൽ വ്യക്തമായ മുൻതൂക്കം നൽകുന്നു.

നിലവിൽ സീരി എയിൽ ഒന്നാം സ്ഥാനത്തും, കോപ്പ ഇറ്റാലിയയിൽ പോരാട്ടം തുടരുകയും ചെയ്യുന്ന ഇന്റർ, 2024-25 സീസണിൽ ട്രെബിൾ നേടാൻ സാധ്യതയുള്ള ചുരുക്കം യൂറോപ്യൻ ക്ലബ്ബുകളിൽ ഒന്നാണ്. ഇറ്റലിയിൽ ഈ നേട്ടം കൈവരിച്ച ഏക ക്ലബ്ബ് ഇന്റർ മാത്രമാണ്, അതും മൗറീഞ്ഞോയുടെ കീഴിൽ.

ഇരു ടീമുകളും ശൈലിയിൽ വ്യത്യസ്തരാണെങ്കിലും, കടലാസിൽ തങ്ങളെക്കാൾ ശക്തരായ എതിരാളികളെ വെല്ലുവിളിക്കാനുള്ള അടിത്തറയും അടങ്ങാത്ത ആഗ്രഹവും ഇന്റർ പങ്കുവെക്കുന്നു. യൂറോപ്പിലെ വലിയ മത്സരങ്ങളിൽ മൗറീഞ്ഞോയുടെ ടീം കാണിച്ച അതേ പോരാട്ടവീര്യമാണ് ഇൻസാഗിയുടെ കുട്ടികളും ബയേണിനെതിരെ അലയൻസ് അറീനയിൽ പുറത്തെടുത്തത്.

2010-ൽ പെപ് ഗ്വാർഡിയോളയുടെ ബാഴ്സലോണയെ സെമിയിൽ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറിയ മൗറീഞ്ഞോയുടെ തന്ത്രങ്ങൾ ഫുട്ബോൾ ലോകം മറന്നിട്ടില്ല. ക്യാമ്പ് നൗവിലെ രണ്ടാം പാദത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും, വെറും 27% മാത്രം പന്തടക്കവുമായി കളിച്ചിട്ടും ബാഴ്സയെ തളച്ച് അവർ ഫൈനൽ ഉറപ്പിച്ചു.

സമാനമായൊരു പ്രതിരോധക്കരുത്തിന്റെ സൂചന നൽകുന്നതായിരുന്നു ബയേണിനെതിരായ പ്രകടനവും. 55% പന്തടക്കമുണ്ടായിരുന്ന ബയേണിനെതിരെ ഇന്ററിന് നേടാനായത് 45% മാത്രമാണ്. ബയേൺ ഏഴ് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിർത്തപ്പോൾ ഇന്ററിന് നാല് തവണയെ അതിനായുള്ളൂ. എന്നിട്ടും വിജയം നേടാനായി എന്നത് ടീമിന്റെ ഇച്ഛാശക്തി വ്യക്തമാക്കുന്നു.

അടുത്ത ആഴ്ച ഏപ്രിൽ 16ന് സ്വന്തം മൈതാനമായ സാൻ സിറോയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഈ മുൻതൂക്കം മുതലാക്കി സെമി ഫൈനലിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്റർ മിലാൻ. മൗറീഞ്ഞോയുടെ ആ പഴയ വീര്യം ഇൻസാഗിയുടെ ടീമിന് പ്രചോദനമാകുമോ എന്ന് കാത്തിരുന്ന് കാണാം.

Leave a comment