സമനിലയിൽ കുരുങ്ങി സീസൺ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ ഹൈദരബാദ് എഫ്‌സിക്കെതിരെ സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പരസ്പരം കൈകൊടുത്ത് പിരിഞ്ഞു.
ദുഷാൻ ലഗാതോറിലൂടെ ഏഴാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് കണ്ടെത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മലയാളി താരം സൗരവ് ബൈസിക്കിൾ കിക്കിലൂടെ സമനില കണ്ടെത്തി. ലീഡ് തിരിച്ചു പിടിക്കാൻ രണ്ടാം പകുതിയിൽ അതിഥികൾ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്നത്തെ മത്സരം സമനിലയിൽ പിരിഞ്ഞതോടെ, 2024 – 25 സീസണിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം പൂർത്തിയായപ്പോൾ, 24 മത്സരങ്ങളിൽ നിന്നും 4 ജയവും 6 സമനിലയും 14 തോൽവിയുമായി 18 പോയിന്റുകൾ കണ്ടെത്തി ഹൈദരബാദ് ലീഗിൽ 12-ാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ 8 ജയവും 5 സമനിലയും 11 തോൽവിയുമായി 29 പോയിന്റുകൾ നേടി എട്ടാം സ്ഥാനത്തും.
92 ശതമാനം കൃത്യതയോടെ നൽകിയ 45 പാസുകളിൽ 42 എണ്ണവും പൂർത്തിയാക്കി, രണ്ട് അവസരങ്ങൾ രൂപപ്പെടുത്തിയ ഹൈദരബാദ് എഫ്‌സിയുടെ മിഡ്ഫീൽഡർ ആയുഷ് അധികാരിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.