Foot Ball ISL Top News

ഇനിയുള്ള ശ്രദ്ധ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ;കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ

March 8, 2025

author:

ഇനിയുള്ള ശ്രദ്ധ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ;കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ

 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള ശ്രദ്ധ വരാനിരിക്കുന്ന സൂപ്പർ കപ്പിലാണെന്ന് ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ മാധ്യമങ്ങളോട്. കൊച്ചിയിൽ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2024 – 25 സീസണിലെ അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്ലേ ഓഫിൽ നിന്നും നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സീസൺ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഒരു പോയിന്റ് നേടിയാൽ പ്ലേ ഓഫിലേക്ക് കാലെടുത്തുവെക്കാം എന്ന കണക്കുകൾ മനസിലുറപ്പിച്ചാണ് മുംബൈ സിറ്റി എഫ്‌സി കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സമനില നേടുക എന്ന ലക്ഷ്യത്തിലൂന്നിയാണ് അവർ കളിച്ചതും. നിലവിലെ കപ്പ് ജേതാക്കൾ കൂടിയായ അതിഥികളെ മധ്യനിരയിൽ ആധിപത്യം സ്ഥാപിച്ചതിലൂടെയാണ് സ്വന്തം മൈതാനത്ത് പിടിച്ചു കെട്ടിയതെന്ന് പുരുഷോത്തമൻ പറഞ്ഞു.

“മുംബൈയുടെ കരുത്ത് അവരുടെ മധ്യനിരയാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ, അവിടെ ഞങ്ങൾക്ക് ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട്. ആദ്യ പകുതിയിൽ കളിക്കാർക്ക് അവസരങ്ങളും മറ്റും നൽകേണ്ടതുണ്ടായിരുന്നു. ഞങ്ങൾക്കത് നേടേണ്ടതുണ്ടായിരുന്നു. അതിനാൽ, ആദ്യ പകുതിയിൽ അവർക്ക് കളിക്കാനുള്ള ഇടം ഞാൻ നൽകി. രണ്ടാം പകുതിയിൽ മധ്യനിര കൂടുതൽ ഒതുക്കമുള്ളതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനാൽ, ലൂണയെ നമ്പർ 10 സ്ഥാനത്തേക്ക് കൊണ്ട് വന്നു. അത് വിജയിച്ചു. ഞാൻ പ്ലാൻ ചെയ്തതെല്ലാം ഇന്ന് നേടിയെടുത്തു,” അദ്ദേഹം പറഞ്ഞു.

സ്വന്തം കാണികൾക്ക് മുന്നിൽ ഈ സീസണിൽ കളിക്കുന്ന അവസാന മത്സരമായതിനാൽ കളിയിൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു എന്ന് പരിശീലകൻ വ്യക്തമാക്കി. എതിരാളിയുടെ പകുതിയിൽ പന്ത് നിലനിർത്തി കളിക്കുകയും ലഭിക്കുന്ന അവസരണങ്ങൾ ഗോളാക്കാൻ ശ്രമിക്കുകയുമായിരുന്നു ഇന്ന് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“തീർച്ചയായും, ഇത് ഞങ്ങളുടെ ഹോം മത്സരം ആയിരുന്നതിനാൽ ഞങ്ങൾക്ക് എല്ലാ ഡുവലുകളും, എല്ലാ 50-50 ഡുവലുകളും ജയിക്കണമായിരുന്നു. കാരണം, കളിയിൽ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. എതിരാളിയുടെ പകുതിയിൽ പാസുകൾ നടത്തുന്നതിലും കളിക്കുന്നതിലും ഞങ്ങൾ കൂടുതൽ കൃത്യത പുലർത്തണം.”

“എതിരാളിയുടെ പകുതിയിൽ കളിക്കുക, പന്ത് എതിരാളിയുടെ പകുതിയിൽ തന്നെ നിലനിർത്തുക. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് അവ ഫിനിഷ് ചെയ്യാം,” അദ്ദേഹം വ്യക്തമാക്കി.

രണ്ടാം പകുതിയിൽ കളിക്കുന്ന ടീമെന്ന കുപ്രസിദ്ധി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയെടുത്തിട്ടുണ്ട്. ടീം ലീഗിൽ നേടിയ ആകെ ഗോളുകൾ 75 ശതമാനവും രണ്ടാം പകുതിയിൽ ആയിരുന്നു. ഇന്നും അത് ആവർത്തിച്ചു. 52-ാം മിനുട്ടിൽ അസാധ്യമായ കോണിൽ നിന്നും ഗോൾ കണ്ടെത്തിയ ഘാന താരം ക്വമെ പെപ്രയാണ് ടീമിന്റെ വിജയ ശില്പി.

എന്നാൽ, രണ്ടാം പകുതിയിൽ കളിയുടെ ഗതി തിരിച്ചുവിടാൻ താരങ്ങൾക്ക് നിർദേശം നല്കിയതിലല്ല, പകരം തന്ത്രങ്ങളിലെ മാറ്റമാണ് ഗോളിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളോട് നിർദേശങ്ങൾ എടുത്ത് പറയേണ്ടിയിരുന്നല്ല, കാരണം നിലവാരമാണുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇല്ല, മിഡ്ഫീൽഡിൽ ആധിപത്യംപുലർത്താനും എതിരാളിയുടെ പകുതിയിൽ കൂടുതലായി കളിക്കുന്നതുമായി ബന്ധപ്പെട്ട ചില ചെറിയ തന്ത്രപരമായ മാറ്റങ്ങൾ മാത്രമേ (ഞങ്ങൾ) വരുത്തിയിട്ടുള്ളൂ. താരങ്ങളോട് ഒന്നും പറയേണ്ടിയിരുന്നില്ല, കാരണം ഞങ്ങൾക്ക് നിലവാരമുള്ള ഒരു ടീമുണ്ട്. എല്ലാ ക്രെഡിറ്റും അവർക്കാണ്; അവർ നിലവാരമുള്ള കളിക്കാരാണ്. അവസാന മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സൂപ്പർ കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു,” മലയാളി പരിശീലകൻ പറഞ്ഞവസാനിപ്പിച്ചു.

Leave a comment