ഐഎസ്എൽ 2024-25 സീസണിൽ പ്ലേഓഫ് ഉറപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ മുംബൈ സിറ്റി, അവസാന ഹോം മത്സരത്തിൽ വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ജയം കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊമ്പന്മാരുടെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്. 52-ാം മിനുട്ടിൽ അസാധ്യമായ കോണിൽ നിന്നും ഗോൾ കണ്ടെത്തിയ ഘാന താരം ക്വമെ പെപ്രയാണ് ടീമിന്റെ വിജയ ശില്പി.
ഒരു അവസരം സൃഷ്ടിക്കുകയും മൂന്ന് ക്രോസുകൾ നൽകുകയും ചെയ്ത് ആക്രമണത്തിലും ഓരോ ടാക്കിളും ഇന്റർസെപ്ഷനും നടത്തി ബ്ലാസ്റ്റേഴ്സിനായി കളത്തിൽ നിർണായക പങ്കുവഹിച്ച മുഹമ്മദ് ഐമനാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
പ്ലേ ഓഫിൽ നിന്നും നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ്, ഈ മത്സരത്തിൽ നേടിയ ആവേശ ജയത്തോടെ 23 മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും 11 തോൽവിയുമായി 28 പോയിന്റുകളോടെ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫിന് ഒരു പോയിന്റ് മാത്രം അകലമുള്ള മുംബൈ സിറ്റി എഫ്‌സിക്ക് ഇന്നലത്തെ മത്സരം സമ്മാനിച്ചത് കനത്ത നിരാശ. 23 മത്സരങ്ങളിൽ നിന്നും എട്ട് ജയവും ഒൻപത് സമനിലയും ആറ് തോൽവിയുമായി 33 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് ടീം
മാർച്ച് 12-ന് സീസണിലെ അവസാന മത്സരത്തിൽ ജിഎംസി ബാലയോഗി അത്ലറ്റിക് മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സിയെ നേരിടും. മാർച്ച് 11-ന് പ്ലേ ഓഫിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്ന നിർണായക പോയിന്റുവേണ്ടി മുംബൈ സിറ്റി എഫ്‌സി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിയെ നേരിടും.