ഐഎസ്എൽ 2024-25: ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ പ്ലേ ഓഫ് ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിലെ സമനിലക്കുരുക്കിൽ നിന്നും കരകയറി ലീഗിൽ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. ഓസ്‌കാർ ബ്രൂസോണിന്റെ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ജനുവരി 24-ന് രാത്രി 7:30 ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിലാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ, ജയം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നു.
ഈ സീസണിൽ ഇതുവരെ 17 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആറ് ജയവും മൂന്ന് സമനിലയും എട്ട് തോൽവിയുമായി 21 പോയിന്റുകളോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ എഫ്‌സിയാകട്ടെ 16 മത്സരങ്ങളിൽ നിന്നും നാല് ജയവും രണ്ട് സമനിലയും പത്ത് തോൽവിയുമായി 14 പോയിന്റുകളോടെ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ്.
അവസാന മത്സരങ്ങളിൽ നിന്ന് നേടിയ തുടർച്ചയായ മൂന്ന് തോൽവികളിലൂടെയാണ് ഈസ്റ്റ് ബംഗാളിന്റെ യാത്ര. ഈ പശ്ചാത്തലത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുമ്പോൾ ഈ മോശം ഫോമിന് അടിവരയിടേണ്ടത് ടീമിന് നിർണായകമാണ്. ബ്ലാസ്റ്റേഴ്‌സാകട്ടെ പുത്തനുണർവിലാണ്. ഇടക്കാല പരിശീലകന് കീഴിൽ അവസാന അഞ്ചിൽ വഴങ്ങിയത് ഒരു തോൽവി മാത്രം. പ്ലേ ഓഫിലേക്ക് കേവലം മൂന്ന് പോയിന്റുകൾ അകലം.
ഐഎസ്എല്ലിൽ ഇരു ടീമുകളും ഇതുവരെ 9 തവണ നേർക്കുനേർ വന്നിട്ടുണ്ട്. നാലെണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ ഈസ്റ്റ് ബംഗാളിന് നേട്ടമുണ്ട്. മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.