കളിക്കാരുടെ കൂട്ടായ പ്രവർത്തനത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ജയത്തിന് ശേഷം കളിക്കാരുടെ കൂട്ടായ പ്രവർത്തനത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജയത്തിന് ശേഷം ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഒമ്പത് പേരായി ചുരുങ്ങിയ ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയിച്ചു കയറിയത്. ആദ്യ പകുതിയിൽ നോവ സദൗയി പെനാൽറ്റിയിലൂടെ കണ്ടെത്തിയ ഗോളാണ് മത്സരത്തിൽ വഴിത്തിരിവായത്. എണ്ണത്തിൽ ചുരുങ്ങിയിട്ടും, ബസ് പാർക്കിങ്ങിലൂടെ പ്രതിരോധത്തിൽ ടീം കെട്ടിയ ഉരുക്കുകോട്ട പൊളിക്കുന്നതിൽ പഞ്ചാബിന് സാധിച്ചില്ല.
രണ്ട് ചുവപ്പ് കാർഡ് കണ്ട ശേഷം ഐഎസ്എല്ലിൽ ജയം കണ്ടെത്തുന്ന മൂന്നാമത്തെ മാത്രം ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറി. ഒപ്പം 2024 വർഷത്തിലെ അടക്കം ലീഗിലെ അവസാനത്തെ 14 എവേ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് കണ്ടെത്താൻ സാധിക്കാതിരുന്ന ടീം ഇത്തവണ ആ നേട്ടവും കണ്ടെത്തി. പ്രതിരോധ്യത്തിൽ ടീം കണ്ടെത്തിയ ഒത്തൊരുമ ഭാവിയിലെ മത്സരങ്ങളിൽ ക്ലബിന് നിർണായകമാണ്. ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമന്റെ കീഴിൽ ഇന്ന് കണ്ടത്തിയ ജയം, ക്ലബ്ബിന്റെ പ്ലേ ഓഫിലേക്കുള്ള ദൂരം മൂന്ന് പോയിന്റുകളായി കുറച്ചിട്ടുണ്ട്.
എവേ മത്സരങ്ങൾ എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങളിൽ ഒന്നാണ്. മുൻ സീസണുകളിലടക്കം പരിശോധിച്ചാൽ അവിടെ വിജയശതമാനം വളരെ കുറവാണ് ടീമിന്. പഞ്ചാബ് എഫ്‌സിക്കെതിരെ ആദ്യ പകുതിയിൽ ലീഡ് കണ്ടെത്തിയ ശേഷം, രണ്ടാം പകുതിയിൽ നേരിട്ടത് രണ്ട് ചുവപ്പ് കാർഡുകളായിരുന്നു. അതിനാൽ തന്ത്രങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ പരിശീലകസംഘം നിബന്ധിതരായി. ടീമിന്റെ തന്ത്രങ്ങളുമായി കളിക്കാർ വേഗത്തിൽ പൊരുത്തപ്പെട്ടെന്നും ഇന്നത്തെ ജയം ഒരു കൂട്ടായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.