ഐഎസ്എൽ 2024-25: ഒമ്പത് പേരുമായി കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയെ തോൽപ്പിച്ചു, ഗോളുമായി തിളങ്ങി നോവ സദൗയി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ജയം. ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലെ ജയം മറുപടിയില്ലാത്ത ഒരു ഗോളിന്. മിലോസ് ഡ്രിൻസിച്ചും ഐബൻഭ ഡോഹ്‌ലിംഗും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ വിജയ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോവ സദൗയിയാണ്.
രണ്ട് ചുവപ്പുകാർഡുകൾ കണ്ട ശേഷം ലീഗിൽ ഒരു മത്സരം ജയിക്കുന്ന മൂന്നാമത്തെ ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗോൾ വഴങ്ങാതിരിക്കാൻ കേരളത്തിന്റെ മധ്യനിരയിൽ നിർണായകമായ ഫ്രഡിയാണ് മത്സരത്തിലെ മികച്ച താരം.
മോഹൻ മോഹൻ സൂപ്പർ ജയന്റിസ്‌നതിരെ തോൽവി വഴങ്ങിയ മത്സരത്തിൽ നിന്നും നാല് മാറ്റങ്ങളുമായാണ് പഞ്ചാബ് എഫ്‌സി സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ആറ് സേവുകൾ നടത്തി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ രവി കുമാറിന് പകരക്കാരനായി മുഹീത് ഷബീർ കളത്തിലെത്തി. ലിയോൺ അഗസ്റ്റിനും സസ്പെൻഷനിലായ ലൂക്കാ മജ്‌സെനും എസെക്വൽ വിദാലിനും പകരക്കാരായി ഖൈമിംഗ്താങ് ലുങ്‌ഡിം, മുഹമ്മദ് സുഹൈൽ, നിഹാൽ സുധീഷ് എന്നിവർ ആദ്യപതിനൊന്നിലെത്തി. ഫിലിപ്പ് മിർസ്ൽജാക്ക് ബെഞ്ചിലും സ്ഥാനം കണ്ടെത്തി.
ജംഷഡ്പൂരിനെതിരായ മത്സരത്തിലെ സ്റ്റാർട്ടിങ് ടീമിൽ നിന്നും രണ്ട് മാറ്റങ്ങൾ കൊമ്പന്മാരുടെ നിരയിലുമെത്തി. പരിക്കിലായിരുന്ന ഐബൻഭ ഡോഹ്‌ലിംങിനൊപ്പം സസ്പെൻഷനെ തുടർന്ന് അവസാന മത്സരം നഷ്ടപ്പെട്ട ഹോർമിപാമും ആദ്യ പതിനൊന്നിലെത്തി. പ്രീതം കൊട്ടാലും സന്ദീപ് സിംഗും ബെഞ്ചിലേക്കും മാറി. നോറ ഫെർണാണ്ടസം പരിക്കിലായിരുന്ന മുഹമ്മദ് ഐമെനും പകരക്കാരുടെ നിരയിലുമെത്തി.മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയ ഡാനിഷ് ഫാറൂഖിനും രണ്ടാം മഞ്ഞക്കാർഡ് കണ്ട മിലോസ് ഡ്രിൻസിച്ചിനും ചുവപ്പ് കാർഡ് കണ്ട ഐബൻഭ ഡോഹ്‌ലിംഗിനും ഒഡീഷക്കെതിരായ അടുത്ത മത്സരം നഷ്ടപ്പെടും.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 15 മത്സരങ്ങളിൽ നിന്നും അഞ്ച് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി 17 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് എഫ്‌സിയാകട്ടെ ലീഗിലെ ഏഴാമത്തെ തോൽവി വഴങ്ങി 13 മത്സരത്തിൽ നിന്നും ആറ് ജയത്തോടെ 18 പോയിന്റുകളോടെ തൊട്ടുമുന്നിൽ നിൽക്കുന്നു.