സീരി എ യില്‍ ജയം നേടി ലാസിയോയും നാപൊളിയും
ഞായറാഴ്ച സ്വന്തം തട്ടകത്തിൽ നാപോളി എഎസ് റോമയെ 1-0ന് തോൽപിച്ചു.റൊമേലു ലുക്കാക്കുവിൻ്റെ രണ്ടാം പകുതിയിലെ ഗോളിൽ മൂന്ന് പോയിൻ്റും സീരി എയിൽ ഒന്നാം സ്ഥാനവും നാപൊളി ഉറപ്പിച്ചു.ജിയോവാനി ഡി ലോറെൻസോയുടെ ലോ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്ന് പോസ്റ്റിലേക്ക് തട്ടി ഇട്ട് ലുക്കാക്കു റോമയുടെ പ്രതിരോധം തകര്‍ത്തു.
ലുക്കാക്കുവിൻ്റെ ഗോളിന് ശേഷം റോമ ഉണർന്നു, മിനിറ്റുകൾക്ക് ശേഷം ഒരു ഫ്രീ കിക്കിൽ നിന്ന് ആർട്ടെം ഡോവ്ബിക്ക് ഗോള്‍ നേടുന്നതിന് വളരെ അടുത്ത് എത്തി എങ്കിലും അദ്ദേഹത്തിനെയും റോമയെയും ഭാഗ്യം തുണച്ചില്ല.നാപോളിക്ക് 13 മത്സരങ്ങളിൽ 29 പോയിൻ്റുണ്ട്, യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള അറ്റലാൻ്റ, ഇൻ്റർ മിലാൻ, ഫിയോറൻ്റീന എന്നിവയേക്കാൾ ഒരു പോയിൻ്റ് മുന്നിലാണ് അവര്‍.ഇന്നലെ നടന്ന വേറെ ഒരു മല്‍സരത്തില്‍ ലാസിയോ ബോളോഗ്നയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.ലാസിയോക്ക് വേണ്ടി സാമുവൽ ഗിഗോട്ട്, മത്തിയ സക്കാഗ്നി , ഫിസയോ ഡെലെ-ബഷിരു എന്നിവര്‍ ആണ് ഗോള്‍ കണ്ടെത്തിയത്.