Foot Ball ISL Top News

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

November 5, 2023

author:

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ആറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിട്ടു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തകർത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തി.

മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഡെയ്‌സുകെ സകായ്, ദിമിട്രിയോസ് ഡയമന്റകോസ് എന്നിവർ ഗോൾ നേടിയപ്പോൾ ക്ലീറ്റൺ സിൽവ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കായി ഗോൾ നേടി. വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് പതിമൂന്നു പോയിന്റുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പതതാം സീസൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. നാല് വിജയവും ഒരു‌ സമനിലയും ഒരു തോൽവിയുമാണ് സീസണിലെ ആദ്യ ആറ് കളികളിൽ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. നാല് കളികളിൽ നിന്ന് പന്ത്രണ്ട് പോയിന്റുകൾ നേടിയ മോഹൻ ബഗാനാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്.

മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ഡെയ്‌സുകെ സകായിയുടെ ബോക്സിനു മധ്യഭാഗത്തു നിന്ന് പോസ്റ്റിന്റെ വലതു മൂലയുടെ താഴേക്ക് തൊടുത്ത ഷോട്ട് ഗോളാകുകയായിരുന്നു. ഡെയ്‌സുകെ സകായിയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഗോളാണിത്. ആദ്യ പകുതി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം ഗോൾ മത്സരത്തിന്റെ അവസാനം എൺപത്തിയെട്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ‍ താരങ്ങളുടെ പിഴവിൽ നിന്നാണ് പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം ദിമിത്രിയോസ് ഡയമന്റകോസ് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നൽകിയ ഇടതു കാലിന്റെ ഷോട്ട് ഗോൾ പോസ്റ്റിന്റെ മധ്യഭാഗത്തേക്ക് പതിച്ചു. യെല്ലോ കാർഡ് വിധിച്ച് വെറും ഒരു മിനിട്ടിനുള്ളിലാണ് ഗോൾ വഴങ്ങിയത്. ശേഷം നടത്തിയ അമിതമായ ആഘോഷത്തെ തുടർന്ന് ദിമിത്രിയോസിനു റെഡ് കാർഡ് വിധിച്ചു.

മത്സരത്തിന് ഏഴുമിനിറ്റ് അധിക സമയമാണ് നൽകിയത്. അധിക സമയം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പെനാലിറ്റി ചാൻസിൽ ഈസ്റ്റ് ബംഗാളിനായി ക്‌ളീറ്റൺ സിൽവ ആദ്യ ഗോൾ നേടി. ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. മത്സരത്തിലുടനീളം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചു.

Leave a comment