ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്പ് T47 ൽ നിഷാദ് കുമാറിന് സ്വർണം
2022-ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പ് T47-ൽ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോഡോടെ നിഷാദ് കുമാർ ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടി.
2.02 മീറ്റർ ചാടിയാണ് നിഷാദ് മഞ്ഞലോഹമെടുത്തത്. ചൈനയുടെ ഹോങ്‌ജി ചെൻ വെള്ളി (1.94 മീറ്റർ) നേടി. അഞ്ചാം ശ്രമത്തിൽ 1.94 മീറ്റർ പിന്നിട്ട ഇന്ത്യയുടെ രാം പാലും വെള്ളി നേടി. അതേസമയം, പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ്-11 ഫൈനലിൽ ഇന്ത്യൻ പാരാ അത്‌ലറ്റ് മോനു ഗംഗസ് വെങ്കല മെഡൽ ഉറപ്പിച്ചു.
തന്റെ നാലാം ശ്രമത്തിൽ 12.33 മീറ്റർ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച ത്രോയുമായി മോനു പോഡിയം ഫിനിഷ് ഉറപ്പിച്ചു. നേരത്തെ, അത്‌ലറ്റിക്‌സിൽ ശൈലേഷ് കുമാർ (1.82 മീറ്റർ), പുരുഷന്മാരുടെ ഹൈജമ്പ്-T63 ഇനത്തിൽ മാരിയപ്പൻ തങ്കവേലു (1.80 മീറ്റർ), രാം സിംഗ് പധ്യാർ (1.78 മീറ്റർ) എന്നിവർ യഥാക്രമം സ്വർണം, വെള്ളി, വെങ്കലം എന്നിവ നേടിയിരുന്നു.