വനിതാ ലോകകപ്പ് 2023: ഓസ്‌ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ
ബുധനാഴ്ച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയിച്ച ഇംഗ്ലണ്ട് ആദ്യ വനിതാ ലോകകപ്പ് ഫൈനലിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് ഇംഗ്ലണ്ട് ലീഡ് നേടിയെങ്കിലും പിന്നീട് രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയ ഗോൾ നേടി മത്സരത്തിലേക്ക് തിരികെയെത്തി എന്നാൽ പിന്നീട് 71,86 മിനിറ്റുകളിൽ ഗോളുകൾ നേടി ഇംഗ്ലണ്ട് ഫൈനലിലേക്ക് കുതിച്ച് കയറി.
അറ്റാക്കിംഗ് മിഡ്ഫീൽഡർ എല്ല ടൂൺ ഇംഗ്ലണ്ടിന് ആദ്യ പകുതിയിൽ മുപ്പത്തിയാറാം മിനിറ്റിൽ ലീഡ് നൽകി. എന്നാൽ ക്യാപ്റ്റൻ കെറിന്റെ അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് ഹാഫ് ടൈമിന് ശേഷം അറുപത്തിമൂന്നാം മിനിറ്റിലെ ഗോളിലൂടെ സമനില പിടിച്ചു. എന്നിരുന്നാലും,ലോറൻ ഹെംപ് ഇംഗ്ലണ്ടിന്റെ ലീഡ് പുനഃസ്ഥാപിച്ചു. പിന്നീട് എമ്പത്തിയാറാം മിനിറ്റിൽ അലെസിയ റുസ്സോ മൂന്നാം ഗോളും നേടി.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സെമി ഫൈനലിൽ വീണ ഇംഗ്ലണ്ട്, കഴിഞ്ഞ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് ഒരു ലോക കിരീടം ചേർക്കാൻ നോക്കുമ്പോൾ ഞായറാഴ്ച ഫൈനലിൽ സ്പെയിനിനെ നേരിടും.