ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലാൻഡ്.!
ഇന്ത്യാ-ന്യൂസീലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ന്യൂസീലാൻഡിന് മിന്നും വിജയം. റാഞ്ചിയിലെ ജെ.എസ്.സി.എ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 21 റൺസിൻ്റെ ആധികാരിക വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുവാനിറങ്ങിയ കിവീസ് ഡെവോൺ കോൺവേ 52(35), ഡാരിൽ മിച്ചൽ 59(30) തുടങ്ങിയവരുടെ അർദ്ധസെഞ്ചുറി കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന ഭേദപ്പെട്ട സ്കോർ പടുത്തുയർത്തുകയായിരുന്നു. ഫിൻ അലനും 35(23) മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ്, കുൽദീപ്, മാവി തുടങ്ങിയവരാണ് ശേഷിച്ച വിക്കറ്റുകൾ സ്വന്തമാക്കിയത്. തുടർന്ന് 177 എന്ന സാമാന്യം ബുദ്ധിമുട്ട് ഏറിയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർബോർഡിൽ 15 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും 3 മുൻനിര വിക്കറ്റുകൾ നഷ്ടം. ശേഷം കൃത്യമായ സമയങ്ങളിൽ വേണ്ട നേരത്ത് തന്നെ ഇന്ത്യൻ വിക്കറ്റുകൾ പിഴുതെടുക്കുവാൻ കിവീസിന് കഴിഞ്ഞു. വാഷിംഗ്ടൺ സുന്ദർ 50(28), സൂര്യകുമാർ യാദവ് 47(34) എന്നിവർക്കൊഴികെ മറ്റാർക്കും മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഇന്ത്യയുടെ മറുപടി 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് അവസാനിക്കുകയായിരുന്നു. സന്ദർശകർക്കായി ബ്രേസ്വെൽ, സാൻ്റ്നർ, ഫെർഗുസൺ തുടങ്ങിയവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ഒടുവിൽ 21 റൺസിൻ്റെ മിന്നും വിജയം കിവീസ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ 3 മത്സര പരമ്പരയിൽ 1-0 ന് മുന്നിലെത്തുവാനും കിവീസിന് സാധിച്ചു.
ജനുവരി 29 ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം അരങ്ങേറുക.