കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സ്; വിജയം ആവർത്തിക്കാൻ മുംബൈ.!
ഐ.എസ്.എല്ലിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് കൊമ്പുകോർക്കുക. മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുവരും തമ്മിൽ സീസണിൻ്റെ തുടക്കത്തിൽ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് മുംബൈ ആയിരുന്നു വിജയിച്ചത്.

ഇന്ന് അതിനൊരു പകരംവീട്ടൽ കൂടിയാവും ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുക. കഴിഞ്ഞ സീസണിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആയിരുന്നു വിജയിച്ചത്. അതിൻ്റെ കണക്ക് തീർക്കാൻ ആവും മുംബൈ ഇന്ന് ശ്രമിക്കുക. 4 യെല്ലോ കാർഡുകൾ കണ്ടതിനാൽ സന്ദീപ് സിംഗിൻ്റെ സേവനം ബ്ലാസ്റ്റേഴ്സിന് ഇന്ന് നഷ്ടമാകും. പകരം ഖാബ്രയോ നിഷുവോ ആകും ഇറങ്ങുക. അതേസമയം സസ്പെൻഷൻ മൂലം കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കലിയുഷ്ണി ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.

അവസാനം നടന്ന 8 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. മറുവശത്ത് മുംബൈ ഈ സീസണിൽ പരാജയപ്പെട്ടിട്ടേയില്ല. എന്തായാലും രണ്ടിൽ ഒരാൾ ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഒരു അപരാജിത കുതിപ്പിന് വിരാമമാകും. അതേസമയം സമനിലയാണ് ഫലമെങ്കിൽ ഇരുടീമുകൾക്കും അവരുടെ അപരാജിത കുതിപ്പ് തുടരുവാനും കഴിയും. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 30 പോയിൻ്റുമായി മുംബൈ 2ആം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് 3ആം സ്ഥാനത്തുമാണ്. എന്തായാലും വിജയം ആവർത്തിക്കാൻ മുംബൈയും കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സും കച്ച കെട്ടിയിറങ്ങുമ്പോൾ അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.