ജംഷഡ്പൂരിനെ പൂട്ടി ബ്ലാസ്റ്റേഴ്സ്
ചൊവ്വാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ജംഷഡ്പൂർ എഫ്സിയെ 3-1ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അപരാജിത കുതിപ്പ് എട്ട് മത്സരങ്ങളിലേക്ക് നീട്ടി.ജയത്തോടെ ഐഎസ്എൽ പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി, സീസണിലെ ഒമ്പതാം തോൽവിയോടെ ജംഷഡ്പൂർ പത്താം സ്ഥാനത്ത് തുടരുന്നു.

തുടക്കത്തില്‍ തന്നെ സഹൽ അബ്ദുൾ സമദും അഡ്രിയാൻ ലൂണയും ജംഷഡ്പൂരിനു തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.മത്സരത്തിന്റെ ഒന്‍പതാം മിനുട്ടില്‍ ഡിമിട്രിയോസ് ഡയമന്റകോസ് നല്കിയ ലോ ക്രോസ് അപ്പോസ്തോലോസ് ജിയാനു വലയിലേക്ക് തട്ടിയിട്ടതോടെ കേരള അക്കൗണ്ട് തുറന്നു.തുടര്‍ച്ചയായി കൌണ്ടര്‍ ഗെയിമുകളിലൂടെ ബ്ലാസ്റ്റേഴ്സിനെ വിരട്ടിയ ജംഷഡ്പൂർ പതിനേഴാം മിനുട്ടില്‍ ലക്ഷ്യം കണ്ടെത്തി.ഡാനിയൽ ചുക്വുവാണ് ഗോള്‍ നേടിയത്.ജെസൽ കാർനെറോയുടെ ക്രോസ് ബോറിസ് സിംഗിന്റെ കൈയിൽ തട്ടി ലഭിച്ച പെനാല്‍ട്ടി സ്കോര്‍ ചെയ്ത് കൊണ്ട് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോള്‍ നേടി കൊടുത്തു.രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ ജംഷഡ്പൂര്‍ അക്രമിക്കാന്‍ ശ്രമിച്ചു എങ്കിലും അച്ചടക്കത്തോടെ ഉള്ള കേരളയുടെ പ്രതിരോധം അവര്‍ക്ക് മുന്നില്‍ പാറ പോലെ ഉറച്ച് നിന്നു.അഡ്രിയാന്‍ ലൂണ 65 ആം മിനുട്ടില്‍ കേരളക്ക് വേണ്ടി മൂന്നാം ഗോള്‍ കൂടി കണ്ടെത്തിയതോടെ തിരിച്ചുവരാനുള്ള ജംഷഡ്പൂരിന്റെ എല്ലാ പ്രതീക്ഷകളും കൈവിട്ടു പോയി.