വൗട്ട് ഫെയ്സിന്റെ ഇരട്ട സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനെ രക്ഷപ്പെടുത്തി
വെള്ളിയാഴ്ച ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഫോക്സ് ഡിഫൻഡർ വൗട്ട് ഫെയ്സിന്റെ ഇരട്ട സെൽഫ് ഗോളുകളുടെ ബലത്തിൽ ലിവർപൂൾ 2-1ന് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ അവസാനത്തിൽ ഏഴ് മിനിറ്റിനുള്ളിൽ രണ്ട് പ്രതിരോധ പിഴവുകള്‍ വരുത്തി ഒരേ ഗെയിമിൽ രണ്ട് സെൽഫ് ഗോളുകൾ നേടുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി ഫെയ്സ് മാറി.
പ്രീമിയർ ലീഗ് ടേബിളിൽ ലിവർപൂൾ ആറാം സ്ഥാനത്ത് തുടരുന്നു.ഈ സീസണില്‍ ടോപ് ഫോര്‍ എത്തുക എന്ന ലക്ഷ്യത്തില്‍ ലീഗ് പുനരാരംഭിച്ച ലിവര്‍പൂളിന്റെ തുടര്‍ച്ചയായ നാലാം വിജയം ആണിത്.അതേസമയം, ആദ്യ 17 മത്സരങ്ങളിൽ നിന്ന് പത്താം തോൽവി ഏറ്റുവാങ്ങിയ ലെസ്റ്റർ 13-ാം സ്ഥാനത്താണ്.ബോക്സിംഗ് ഡേയിൽ ന്യൂകാസിൽ യുണൈറ്റഡിനോട് ഹോം ഗ്രൗണ്ടിൽ 3-0 ന് തോല്‍വി കഴിഞ്ഞെത്തിയ ലെസ്റ്ററിന് ലഭിച്ചത് സ്വപ്ന തുല്യമായ തുടക്കം ആയിരുന്നു.നാലാം മിനുട്ടില്‍ തന്നെ ഡ്യൂസ്ബറി-ഹാൾ നല്കിയ ലീഡ് ലെസ്റ്ററിന് പ്രതീക്ഷ നല്കി.അതോടെ നേരിയ സമ്മര്‍ദത്തില്‍ കളി ആരംഭിച്ച ലിവര്‍പൂളിനു താളം കണ്ടെത്താന്‍ കുറച്ച് സമയം എടുക്കേണ്ടി വന്നു.16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ലിവർപൂൾ തിങ്കളാഴ്ച പ്രീമിയര്‍ ലീഗില്‍ നേരിടാന്‍ പോകുന്നത് ബ്രെന്റ്ഫോർഡിനെ ആണ്.