ഐ.എസ്.എല്ലിൽ ഇന്ന് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ഇന്ന് വീണ്ടും മഞ്ഞക്കടലാകും. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷയെയാണ് നേരിടുക. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം എന്ന് വേണമെങ്കിൽ ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാം. കാരണം നിലവിൽ 10 മത്സരങ്ങൾ വീതമാണ് ഇരുടീമുകളും പൂർത്തിയാക്കിയിട്ടുള്ളത്. അതിൽ നിന്നും 19 വീതം പോയിൻ്റുമായി 4ഉം 5ഉം സ്ഥാനങ്ങളിലാണ് ഇരുകൂട്ടരും ഉള്ളത്. ഒഡീഷയേക്കാൾ മികച്ച ഗോൾവ്യത്യാസം ഉള്ളതിനാൽ ബ്ലാസ്റ്റേഴ്സ് ആണ് നാലാം സ്ഥാനത്ത്. ഇന്ന് വിജയിക്കുന്ന ടീമിന് 3ആം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും. മത്സരം സമനിലയായാലും ഗോളിലെ കണക്ക് പരിഗണിച്ച് എ.ടി.കെയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് 3ആം സ്ഥാനം സ്വന്തമാക്കും.

തുടർച്ചയായി 6 മത്സരങ്ങളിൽ പരാജയമറിയാതെയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. ഒപ്പം കൊച്ചിയിൽ ആണ് മത്സരം എന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂലഘടകമാണ്. ഇരുടീമുകളും ഒഡീഷയുടെ തട്ടകത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനൊരു പകരംവീട്ടൽ കൂടിയാവും ഇന്നത്തെ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. അവസാനം നടന്ന 2 മത്സരങ്ങളിൽ വിജയിക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞിട്ടില്ല. എന്തായാലും കടലാസിലും കളിയിലും തുല്യശക്തരായവർ തമ്മിൽ കൊമ്പുകോർക്കുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.