സ്പെയ്ന്‍ മൊറോക്കോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതി ഗോൾരഹിതം
സ്പെയ്ന്‍ – മൊറോക്കോ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനില പാലിക്കുന്നു. കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്പെയ്നായിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ കടുത്ത പ്രതിരോധത്തില്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് ഡിയില്‍ പോലും പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല.
പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ആധിപത്യം പുലർത്തുമ്പോഴും, കളത്തിൽ ശ്രദ്ധേയമായ നിമിഷങ്ങൾ സമ്മാനിച്ചത് മൊറോക്കോയാണെന്നു പറയാം. മുറുക്കമാർന്ന കളിയിലൂടെ സ്പെയിനെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് മൊറോക്കോ ആദ്യപകുതി ഗോൾരഹിതമാക്കിയത്.
43–ാം മിനിറ്റിൽ സ്പാനിഷ് പോസ്റ്റിനു തൊട്ടുമുന്നിൽ ലഭിച്ച സുവർണാവസരം മൊറോക്കോ താരം നയേഫ് അഗ്വേർഡ് പാഴാക്കിയത് സ്പെയിനിന്റെ ഭാഗ്യം. ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. അത് ആദ്യ പകുതിയിൽ വിജയം കണ്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജപ്പാനോടു തോറ്റ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലൂയിസ് എൻറിക്വെ സ്പാനിഷ് ടീമിനെ കളത്തിലിറക്കിയത്. പ്രതിരോധ നിരയിൽ സ്ഥാനം നിലനിർത്തിയത് റോഡ്രി മാത്രം. മറുവശത്ത്, കാനഡയെ തോൽപ്പിച്ച ടീമിൽ മൊറോക്കോ ഒരു മാറ്റം വരുത്തി.