ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും; തീരുമാനം ഉടൻ
അടുത്ത സീസണിലെ ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. താരലേലം തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ പുതിയ ഭരണസമിതി ഫ്രാഞ്ചൈസികളോട് അഭിപ്രായം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ഇക്കാര്യത്തില്‍ നവംബര്‍ ആദ്യ വാരം അന്തിമ തീരുമാനം ഉണ്ടാവും. ഡിസംബര്‍ 16നാണ് താര ലേലം. ബെംഗളൂരുവും വേദിയായി പരിഗണനയിലുണ്ട്. മുന്‍പ് ലണ്ടനിൽ താര ലേലം നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികൾ എതിർത്തതോടെ ബിസിസിഐ പിന്മാറി. ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതോടെ തുര്‍ക്കിയില്‍ താരലേലം നടത്തുന്നതിന് ഫ്രാഞ്ചൈസികൾ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. നവംബര്‍ 15നുള്ളില്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കണം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക. ഓരോ ടീമിനുമുള്ള സാലറി പഴ്സ് 95 കോടി രൂപയായി ഉയര്‍ത്തിയതിനാല്‍ മിനി താരലേലത്തിലും കോടിപതികള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.