സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം
ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്റ്റേണ്‍ ഓസ്ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയ 52 റണ്‍സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
35 പന്തുകളില്‍ നിന്നാണ് സൂര്യ 52 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് വീത ഫോറും സിക്സും ഉള്‍പ്പെട്ടിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 29 റണ്‍സെടുത്തു. പാണ്ഡ്യക്ക് പുറമെ ദീപക് ഹൂഡ (22), ദിനേശ് കാര്‍ത്തിക് (19) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിംഗില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തകര്‍ത്തത് അര്‍ഷ്ദീപ് സിംഗിന്റെ ബൗളിംഗ് പ്രകടനമാണ്. മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം തുടരുകയാണ് അര്‍ഷ്ദീപ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സാം ഫാന്നിംഗ് ഓസ്ട്രേലിയക്കായി 58 റണ്‍സ് നേടി.






































