വിൻഡീസിനെതിരായ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങും
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. പരമ്പര നേടിക്കഴിഞ്ഞെങ്കിലും വിജയം സമ്പൂര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാവും ധവാനും സംഘവും ഇന്ന് മൈതാനത്ത് എത്തുക.
ആദ്യമത്സരം മൂന്നു റണ്‍സിനും രണ്ടാം മത്സരം രണ്ടു വിക്കറ്റിനും ജയിച്ച ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ടീമിൽ ചില പരീക്ഷണങ്ങൾക്ക് തയാറായേക്കുമെന്നാണ് സൂചന. പരമ്പരനേടിയ സ്ഥിതിക്ക് മറ്റുകളിക്കാര്‍ക്ക് ചില അവസരങ്ങള്‍ കിട്ടിയേക്കാമെന്ന് സാരം.
വിന്‍ഡീസിനെതിരേ കഴിഞ്ഞമത്സരത്തില്‍ ഇന്ത്യ നേടിയത് ആ ടീമിനെതിരായ തുടര്‍ച്ചയായ 12-ാം ഏകദിന വിജയമാണ്. ഇത് ലോകറെക്കോഡാണെന്നതും കൂടുതൽ മാറ്റുകൂട്ടുന്നുണ്ട്. ഏകദിനത്തില്‍ ഒരു ടീമിനെതിരേ ആരും ഇത്രയുംമത്സരങ്ങള് തുടര്‍ച്ചയായി ജയിച്ചിട്ടില്ല. അതേസമയം, തുടരെ എട്ട് ഏകദിനങ്ങള്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് വിന്‍ഡീസ്.
പരിക്കുമൂലം ആദ്യ രണ്ടുമത്സരങ്ങളിലും കളിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഇലവനിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമെത്തിയിട്ടില്ല, കഴിഞ്ഞ മത്സരത്തില്‍ ബൗളിങ്ങില്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്ത ആവേശ് ഖാനെ ഇന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മത്സരം വൈകിട്ട് 7 മണിക്ക് ആരംഭിക്കും.






































