ടിമോ വെർണറിനെ ടീമിലെത്താൻ യുവെന്റസിന്റെ ശ്രമം
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിൽ നിന്നും കൂടുമാറ്റത്തിനൊരുങ്ങി ടിമോ വെർണർ. മുന്നേറ്റനിരയിൽ ജർമൻ താരത്തെ കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയൻ ക്ലബായ യുവെന്റസ്. മുക്കീലിനായി ലെപ്സിഗുമായുള്ള ചർച്ചകളിൽ വെർണറിനെ ലോണിനെ ഉൾപ്പെടുത്താനും ചെൽസി ശ്രമിക്കുന്നുണ്ട്.
ഡുസാൻ വ്ലഹോവിച്ചിനും ഏഞ്ചൽ ഡി മരിയയ്ക്കുമൊപ്പം ബോസ് മാസിമിലിയാനോ അല്ലെഗ്രിയുടെ പദ്ധതിയിൽ ടിമോ വെർണറിനെയും ഉൾപ്പെടുത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനാണ് യുവെന്റസ് ഉന്നംവെക്കുന്നത്. എന്നാൽ അൽവാരോ മൊറാട്ടയാണ് ആദ്യ ചോയിസെന്നാണ് റിപ്പോർട്ട്. സ്പാനിഷ് താരത്തെ ക്ലബിലെത്തിക്കാനായില്ലെങ്കിൽ വെർണറിനെ ചെൽസിൽ നിന്നും റാഞ്ചാനാണ് യുവെയുടെ തീരുമാനം.
രണ്ട് വർഷം മുമ്പ് റെഡ് ബുൾ ലീപ്സിഗിൽ നിന്നാണ് 49 മില്യൺ പൗണ്ടിന് വെർണർ ചെൽസിയിലെത്തുന്നത്. എന്നാൽ വേണ്ടത്ര ഫോമിലും സ്ഥിരതയിലും കളിക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റാംഫോർഡ് ബ്രിഡ്ജ് ടീമിനായി 89 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ മാത്രമാണ് വെർണറിന് ഇതുവരെ നേടാനായത്.