ഏകദിന മത്സരങ്ങൾ 40 ഓവറാക്കി ചുരുക്കണമെന്ന് ശാസ്ത്രി
ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ 50 ഓവറുകളിൽ നിന്ന് വെട്ടുച്ചുരുക്കി 40 ഓവറാക്കി പുനക്രമീകരിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും താരവുമായിരുന്ന രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നുമാണ് ശാസ്ത്രിയുടെ അഭിപ്രായം.
ഇതേ അഭിപ്രായവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. വസീം അക്രത്തെ പോലുള്ള ഇതിഹാസ താരങ്ങള്‍ അന്താരാഷ്ട്ര കലണ്ടറില്‍ നിന്ന് ഈ ഫോര്‍മാറ്റ് ഒഴിവാക്കണമെന്നുവരെ ആവശ്യപ്പെട്ടതിനു ശേഷമാണ് രവി ശാസ്ത്രിയുടെ ഈ പരമാവർശവും.
1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ അത് 60 ഓവറായിരുന്നു. അതിനു ശേഷം 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് ആളുകള്‍ക്ക് തോന്നി. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി അവര്‍ക്ക് തോന്നി. അങ്ങനെ അവര്‍ അത് 60 ല്‍ നിന്ന് 50 ആക്കി കുറച്ചു. ആ തീരുമാനത്തിന് ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനാല്‍ എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ എന്നാണ് ശാസ്ത്രിയുടെ ചോദ്യം.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്സിന്റെ തീരുമാനം ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനെ കുറിച്ചും മൂന്ന് ഫോര്‍മാറ്റിലുമായി വിശ്രമമില്ലാതെ കളിക്കുന്ന കളിക്കാരുടെ അവസ്ഥയെ കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മുൻതാരങ്ങളുൾപ്പടെയുള്ളവർ ഏകദിന ക്രിക്കറ്റിന്റെ ഭാവിയെകുറിച്ചുള്ള ആശങ്കൾ പങ്കുവെക്കുന്നത്. പാക് താരം വസീം അക്രത്തെ പോലുള്ള ഇതിഹാസ താരങ്ങള്‍ അന്താരാഷ്ട്ര കലണ്ടറില്‍ നിന്ന് ഈ ഫോര്‍മാറ്റ് ഒഴിവാക്കണമെന്നുവരെ ആവശ്യപ്പെട്ടിരുന്നു.