European Football Foot Ball Top News transfer news

ഇന്റർ മിലാനുമായി ധാരണയിലെത്തി ലുക്കാക്കു, കൂടുമാറ്റം ലോൺ അടിസ്ഥാനത്തിൽ

June 2, 2022

author:

ഇന്റർ മിലാനുമായി ധാരണയിലെത്തി ലുക്കാക്കു, കൂടുമാറ്റം ലോൺ അടിസ്ഥാനത്തിൽ

ഇറ്റാലിയൻ ടീമായ ഇന്റർ മിലാനിലേക്ക് മടങ്ങാൻ തീരുമാനിച്ച് സൂപ്പർ താരം റൊമേലു ലുക്കാക്കു. ക്ലബിലേക്ക് മടങ്ങുന്ന കാര്യവുമായി ബന്ധപ്പെട്ട് താരം ഇന്റർ മിലാനുമായി ധാരണയിലെത്തിയതായാണ് ഏറ്റവും പുതിയ വാർത്തകൾ.

ഈ സീസണിൽ ചെൽസിക്കായി 44 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയ സ്‌ട്രൈക്കർ പ്രീമിയർ ലീഗിലേക്ക് കൂടുമാറിയതു മുതൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാതെ വലയുകയായിരുന്നു. പോയ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 97.5 മില്യൺ പൗണ്ടിനാണ് ബെൽജിയം താരം ഇംഗ്ലണ്ടിലെത്തുന്നത്. എന്നാൽ ഇന്ററിലേക്കുള്ള മടക്കം ലോൺ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.

6.4 മില്യൺ പൗണ്ട് ശമ്പളത്തിലാകും താരം ഇന്റർ മിലാനിലേക്ക് മടങ്ങുക. ഇതിനായി പേയ് കട്ട് സ്വീകരിക്കാൻ വരെ ലുക്കാക്കു തയാറായി. ഈ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ സീരീ എ കിരീടം നഷ്‌ടപ്പെട്ട ഇന്ററിന് മികച്ചൊരു സ്ട്രൈക്കറിന്റെ അഭാവമുണ്ടെന്നാണ് പരിശീലകൻ സിമോൺ ഇൻസാഗിയുടെ കണ്ടെത്തൽ. ഇന്ററിൽ മടങ്ങിയെത്തിയാൽ പഴയ ഫോമിലേക്ക് തിരികെത്താമെന്ന സാധ്യതയും ലുക്കാക്കു തേടുന്നതിനാൽ ഈ നീക്കം വിജയം കണ്ടേക്കുമെന്നാണ് അനുമാനം.

Leave a comment