ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്സ്പർ
ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിച്ചിനെ ടീമിലെത്തിച്ച് ടോട്ടനം ഹോട്സ്പർ. രണ്ട് വർഷത്തെ കരാറിലാണ് ക്രൊയേഷ്യൻ താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരിക്കുന്നത്. അന്റോണിയോ കോണ്ടെയുടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗാണികത്.
പെരിസിച്ചിനെ ടീമിൽ നിലനിർത്താൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ഇന്റർ മിലാൻ ചീഫ് എക്സിക്യൂട്ടീവ് ഗ്യൂസെപ്പെ മറോട്ട താത്പര്യപ്പെട്ടിരുന്നെങ്കിലും മിലാനിൽ തുടരാൻ 33-കാരനായ താരത്തിന് ഉദ്ദേശമുണ്ടായിരുന്നില്ല. ക്രൊയേഷ്യക്കായി 113 മത്സരങ്ങളും 2018 ലോകകപ്പ് ഫൈനലിൽ സ്കോർ ചെയ്തിട്ടുള്ള പെരിസിച്ച് 2015 മുതൽ ഇന്ററിലാണ് കളിച്ചിരുന്നത്.
മുൻ സീസൺ ബയേൺ മ്യൂണിക്കിൽ ലോണിൽ ചെലവഴിച്ചതിന് ശേഷം 2020-21ൽ കോണ്ടെയുടെ കീഴിൽ സീരി എ നേടിയിരുന്നു. വരുന്ന സീസണിൽ ടോട്ടനത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ പെരിസിച്ചിന് സാധിക്കുമെന്നാണ് വിശ്വാസം. കോണ്ടെയുടെ നേതൃത്വത്തിൽ വരുന്ന ചാമ്പ്യൻസ് ലീഗിലേക്കും സ്പർസ് യോഗ്യത നേടിയിരുന്നു.
ഇന്റർ മിലാനായി 254 മത്സരങ്ങൾ കളിച്ച പെരിസിച്ച് 55 ഗോളുകൾക്കും 49 അസിസ്റ്റുകളുമാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. അതോടൊപ്പം ടീമിന്റെ മൂന്ന് കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ താരത്തിനായി.