ഓസ്ട്രേലിയൻ ടീം ജൂൺ ഒന്നിന് ശ്രീലങ്കയിൽ പരമ്പരയ്ക്കായി എത്തുമെന്ന് സ്ഥിരീകരണം
ആഴ്ച്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഓസ്ട്രേലിയൻ ടീം ജൂൺ ഒന്നിന് ശ്രീലങ്കയിൽ പരമ്പരയ്ക്കായി എത്തുമെന്ന് സ്ഥിരീകരണം. പര്യടനം മുമ്പ് ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിക്കുകയും ചെയ്തു. ജൂൺ ഏഴിന് നടക്കുന്ന ടി20 പരമ്പരയോടെയാവും ഓസീസിന്റെ ലങ്കൻ പര്യടനത്തിന് തുടക്കമാവുക.
മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം മൂലം രാജ്യം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയ പര്യടനത്തിന് എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
പരമ്പര ജൂലൈ 12-നാണ് അവസാനിക്കുന്നത്. ശ്രീലങ്കയിലെ സാഹചര്യങ്ങൾ കാരണം സുരക്ഷാ പ്രശ്നങ്ങളും ധാർമിക കാരണങ്ങളും ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പര്യടനം നടത്താൻ ഓസ്ട്രേലിയൻ കളിക്കാർ വിമുഖത കാണിച്ചതായും വാർത്തകളുണ്ട്. ഓസ്ട്രേലിയൻ ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്, അസിസ്റ്റന്റ് കോച്ചുമാരായ ഡാനിയൽ വെട്ടോറി, ആന്ദ്രെ ബോറോവെക് അംഗങ്ങൾക്ക് ഈ പരമ്പര പ്രധാനമാണ്.
മാർച്ചിൽ മക്ഡൊണാൾഡും വെട്ടോറിയും ടീമിനൊപ്പം പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും മുഴുവൻ സമയ പരിശീലകരായി സ്ഥിരീകരിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ പരമ്പരയാണിത്.