ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്
ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് മോമിനുൾ ഹക്ക്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായാണ് താരം നായക സ്ഥാനത്തു നിന്നും വിട്ടുനിൽക്കുന്നതെന്നതാണ് ഔദ്യോഗിക സ്ഥിരീകരണം. 2022-ൽ 16.20 ശരാശരിയിൽ ആറ് മത്സരങ്ങളിൽ നിന്ന് 162 റൺസ് മാത്രമാണ് മോമിനുൾ ഹക്കിന് നേടാനായത്.
മാത്രമല്ല മോമിനുളിന് കീഴിൽ ബംഗ്ലാദേശിന് സ്ഥിരമായി ടെസ്റ്റുകൾ ജയിക്കാൻ കഴിഞ്ഞില്ലെന്നതും നായകസ്ഥാനത്തു നിന്നും ഒഴിയാൻ കാരണമായിട്ടുണ്ട്. വെറും മൂന്ന് വിജയങ്ങളും 12 തോൽവികളും രണ്ട് സമനിലകളുമാണ് ക്യാപ്റ്റൻ എന്ന നിലയിൽ മോമിനുളിന്റെ സമ്പാദ്യം. ന്യൂസിലൻഡിലെ ടെസ്റ്റ് വിജയത്തോടെയാണ് ബംഗ്ലാദേശ് ഈ വർഷം ആരംഭിച്ചത്.
എന്നാൽ അതിനുശേഷം ബംഗ്ലാദേശ് തുടർച്ചയായ പരാജയങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ നേരിട്ടത്. ബംഗ്ലാദേശിന്റെ അടുത്ത ടെസ്റ്റ് നായകസ്ഥാനത്തേക്ക് ഷാക്കിബ് അൽ ഹസനെ ബോർഡ് പരിഗണിക്കുന്നതായാണ് വാർത്തകൾ.