ബയേൺ മ്യൂണിക്കിലെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരം ലെവൻഡോസ്കി
ബയേൺ മ്യൂണിക്കിലെ തന്റെ യുഗം അവസാനിച്ചുവെന്ന് സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്കി. അടുത്ത സീസണോടെ ബയേൺ മ്യൂണിക്കുമായുള്ള കരാർ അവസാനിക്കാനിരിക്കെ ക്ലബിൽ നിന്നും പടിയിറങ്ങാൻ തയാറെടുക്കുകയാണ് പോളണ്ട് സ്ട്രൈക്കർ.
മുപ്പത്തിമൂന്നു വയസുള്ള താരവുമായി കരാർ പുതുക്കാൻ വേണ്ടി ബയേൺ മ്യൂണിക്ക് നടത്തിയ ചർച്ചകൾ എല്ലാം പരാജപ്പെട്ടിരുന്നു. ജർമൻ ചാമ്പ്യൻമാരുമായി കരാര്‍ പുതുക്കാന്‍ പോളിഷ് താരത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് സീസണുകളിലായി 98 ഗോളുകൾ നേടിയ ലെവൻഡോസ്കി ബാഴ്സലോണയിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലെവന്‍ഡോവ്സ്കിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസിയും രംഗത്തുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 2014-ലാണ് താരം ബയേൺ മ്യൂണിക്കിലെത്തുന്നത്. ടീമിനായി 374 കളിയിൽ 343 ഗോളുകളാണ് ലെവന്‍ഡോവ്സ്കി അടിച്ചുകൂട്ടിയിരിക്കുന്നത്.
ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ ആകെ 19 കിരീടങ്ങളും പോളണ്ട് താരം ഉയർത്തിയിട്ടിണ്ട്. ഈ സീസണില്‍ ബയേൺ മ്യൂണിക്കിനായി 45 മത്സരങ്ങളില്‍ നിന്നും 49 ഗോളുകളും ഏഴ് അസിസ്റ്റുകളും ലെവന്‍ഡോവ്സ്കിയുടെ പേരിലുള്ളത്.