ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ
റൊമേലു ലുക്കാക്കുവിനെ തിരികെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ. പോയ സീസണിൽ വൻ തുകയ്ക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിക്ക് കൈമാറിയ ബെൽജിയം താരത്തിന് തീർത്തും നിരാശമായ സീസണാണ് കടന്നുപോയത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ലുക്കാക്കുവിനെ നല്ല തുക ലഭിക്കുകയാണെങ്കിൽ വിൽക്കാൻ ചെൽസി തയാറായേക്കും.
98 മില്യൺ പൗണ്ടിൽ ചെൽസിയിലെത്തിയ താരത്തെ നിലവിലെ സാഹചര്യത്തിൽ അനായാസം സീരി എയിൽ എത്തിക്കാമെന്നാണ് ഇന്ററിന്റെ കണക്കുകൂട്ടൽ. ഈ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ സീരീ എ കിരീടം നഷ്ടപ്പെട്ട ഇന്ററിന് മികച്ചൊരു സ്ട്രൈക്കറിന്റെ അഭാവമുണ്ടെന്നാണ് പരിശീലകൻ സിമോൺ ഇൻസാഗിയുടെ കണ്ടെത്തൽ.
എന്നാൽ ലുക്കാക്കുവിനെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാനാണ് ഇന്റർ മിലാന് താത്പര്യം. ഈ സീസണിൽ ചെൽസിക്കായി 26 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. ഇന്ററിൽ മടങ്ങിയെത്തിയാൽ പഴയ ഫോമിലേക്ക് തിരികെത്താമെന്ന സാധ്യതയും ലുക്കാക്കു തേടുന്നതിനാൽ ഈ നീക്കം വിജയം കണ്ടേക്കുമെന്നാണ് അനുമാനം.