ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ, ഇനി ബയേൺ കുപ്പായത്തിലേക്കോ?
ക്ലബുവിടാൻ ഒരുങ്ങി ലിവർപൂൾ താരം സാഡിയോ മാനെ. സെനഗലീസ് മുന്നേറ്റതാരമായ മാനെ അടുത്ത സീസണിൽ പുതിയൊരു ക്ലബിലേക്ക് ചേക്കേറാൻ ഒരുങ്ങുവെന്ന സ്ഥിരീകരണം താരം ഇംഗ്ലീഷ് ക്ലബിനെ അറിയിച്ചതായാണ് സൂചന.
2016-ൽ സതാംപ്ടണിൽ നിന്നുമാണ് സാഡിയോ മാനെ ലിവർപൂളിലെത്തുന്നത്. ക്ലബിനായി ഇതിനകം 269 മത്സരം കളിച്ച മാനെ 120 ഗോളും നേടിയിട്ടുണ്ട്. ലിവർപൂളിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിലും നിർണായക പങ്കാണ് മാനെ വഹിച്ചത്. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടടക്കമുള്ള വ്യക്തിഗത നേട്ടങ്ങളും കൈവരിച്ച താരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.
ബയേൺ ഉന്നതർ, മാനെയുടെ പ്രതിനിധയുമായി ധാരണയിലെത്തിയിട്ടുണ്ട്. അുത്ത വർഷം കരാർ അവസാനിക്കുന്ന മാനെയെ വിൽക്കാൻ ലിവർപൂളും മടിച്ചേക്കില്ല എന്നാണ് സൂചന. മുഹമ്മദ് സാലയുടെ നിഴലിൽ തന്റെ നേട്ടങ്ങളെല്ലാം മങ്ങുന്നുവെന്ന തോന്നലായിരിക്കാം മാനെ ചെമ്പടയിൽ നിന്നും കൂടുമാറ്റം നടത്താൻ കാരണമായിരിക്കുന്നതെന്നാണ് ഫുട്ബോൾ പണ്ഡറ്റുകളുടെ വിലയിരുത്തൽ.