ഏഷ്യാ കപ്പ് ഓഗസ്റ്റ് 24-ന് ആരംഭിച്ചേക്കും, സമ്മതം ആരാഞ്ഞ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
2022 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള തീയതികളിൽ ഏഷ്യാ കപ്പ് ആരംഭിക്കാൻ തയാറെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ പങ്കെടുക്കുന്ന രാജ്യങ്ങളോട് ലങ്കൻ ബോർഡ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. കൊവിഡ്-19 മഹാമാരി കാരണം ഏഷ്യാ കപ്പിന്റെ 18-ാം പതിപ്പ് ഇതിനകം തന്നെ രണ്ടുതവണമാറ്റിവെച്ചിരുന്നു.
പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ആതിഥേയരായ ശ്രീലങ്ക, യോഗ്യതാ മത്സരങ്ങളിൽ നിന്നും ക്വാളിഫൈയാവുന്ന ഒരു ടീം എന്നീങ്ങനെ ആകെ ആറ് ടീമുകളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. 2022 ഓഗസ്റ്റ് 24 മുതൽ ടൂർണമെന്റ് ആരംഭിക്കാൻ സാധിച്ചാൽ അവസാന മത്സരം സെപ്റ്റംബർ ഏഴിന് നടക്കും. ഏഷ്യാ കപ്പ് സാധാരണയായി ഏകദിന, ടി20 ക്രിക്കറ്റ് ഫോർമാറ്റുകൾക്കിടയിൽ മാറിമാറി വരാറുണ്ട്. 2018-ലാണ് അവസാനമായി കളിച്ചത്. ആ പതിപ്പിൽ ഇന്ത്യയായിരുന്നു വിജയികൾ.
2020-ലെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 പ്രതിസന്ധിയെ തുടർന്ന് മത്സരം ആദ്യം 2021 ലേക്ക് മാറ്റി. എന്നാൽ രണ്ടാം തരംഗത്തിനിടയിൽ ടൂർണമെന്റ് വീണ്ടും 2022 ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റ് 24 ന് ഏഷ്യാ കപ്പ് ആരംഭിക്കാനുള്ള ശ്രീലങ്ക ബോർഡിന്റെ താത്പര്യത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.