എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്, താരം പിഎസ്ജിയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്
സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരത്തിന്റെ ടീമിലേക്കുള്ള മാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ ഫ്രഞ്ച് താരം പിഎസ്ജിയിൽ തന്നെ അടുത്ത സീസണിലേക്കും തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
ഇരു ക്ലബ്ബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഏത് ക്ലബ്ബില്‍ കളിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എംബാപ്പെയാണെന്നും താരത്തിന്റെ അമ്മ ഫായസ ലമാറി പറഞ്ഞു. പിഎസ്ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും ഫ്രഞ്ച് ക്ലബിൽ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ അവസാന തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ വ്യക്തമാക്കി.
ലമാറിയാണ് എംബാപ്പെയുടെ വാണിജ്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്. സീസണൊടുവില്‍ എംബാപ്പെ റയലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും യുവസൂപ്പര്‍ താരത്തെ നിലനിര്‍ത്താന്‍ പി എസ് ജി സമാനതകളില്ലാത്ത ഓഫറുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ പ്രൊജക്റ്റുമായി മുമ്പോട്ടു പോവാനാണ് ഇപ്പോൾ താരം ശ്രമിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.
റയലിലേക്ക് മാറാതെ പിഎസ്ജിയിൽ തന്നെ തുടർന്നാൽ സ്പാനിഷ് വമ്പൻമാർക്ക് അത് വലിയ തിരിച്ചടിയായേക്കും. എംബാപ്പെക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പി എസ് ജി വാഗ്ദാനെ ചെയ്തിരിക്കുന്നതെന്ന് സ്കൈ സ്പോര്‍ട്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പ്രതിഫലത്തിന്റെ ഇരട്ടിയാണിത്.