വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പവാര്‍ തുടരും
രമേഷ് പവാറിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലനിർത്തി ബിസിസിഐ. ഐസിസി വനിതാ ലോകകപ്പിന് ശേഷം പവാറിന്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ പരിശീലകന് കീഴിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചതിനാലാണ് പവാറിനെ നിലനിർത്താൻ ധാരണയായത്.
ഈ വര്‍ഷം ന്യൂസിലന്‍ഡില്‍ അവസാനിച്ച ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നതോടെ പവാറിനെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാർ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്.
ടി20 ലോകകപ്പിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചതും പവാറിന് പിന്തുണയായി. അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ ഐസിസി വനിതാ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീമിനെ ഒരുക്കാൻ മുൻ ഇന്ത്യൻ താരത്തിന് സാധിക്കുമെന്നാണ് ബിസിസിഐ അറിയച്ചത്.
മുമ്പും ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള പവാറിനെ 2018ല്‍ അവസാനിച്ച ടി20 ലോകകപ്പിന് ശേഷം ഒഴിവാക്കുകയായിരുന്നു. സീനിയര്‍ താരം മിതാലി രാജുമായുണ്ടായ പരസ്യ തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്.