കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡ് തിരിച്ചെത്തുന്നു, സറേയുമായി കരാർ ഒപ്പുവെച്ചു
ഏകദേശം ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ഇൻഡീസിന്റെ കീറോൺ പൊള്ളാർഡ് കൗണ്ടി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ടി20 ബ്ലാസ്റ്റിനായി സറേയുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. നീണ്ട 15 വർഷത്തോളം വെസ്റ്റ് ഇൻഡീസിനെ സേവിച്ചതിന് ശേഷം സ്റ്റാർ ഓൾറൗണ്ടർ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
മെയ് 31 ന് കിയ ഓവലിൽ ഗ്ലൗസെസ്റ്റർഷെയറിനെതിരെ പൊള്ളാർഡ് സറേയിൽ അരങ്ങേറ്റം കുറിക്കും. പൊള്ളാർഡ് അവസാനമായി സോമർസെറ്റിനായി കൗണ്ടി ക്രിക്കറ്റ് കളിച്ചത് 2011ലാണ്. അന്ന് ഫൈനലിൽ ലെസ്റ്റർഷയറിനോട് തോറ്റുമടങ്ങേണ്ടി വന്നിരുന്നു. പിന്നീട് 2020-ൽ നോർത്താംപ്ടൺഷെയറിന് വേണ്ടി കളിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് -19 മഹാമാരി കാരണം പൊള്ളാർഡുമായുള്ള കരാർ ടീം അവസാനിപ്പിക്കുകയായിരുന്നു.
ടൂർണെന്റിൽ 28 മത്സരങ്ങളിൽ നിന്നായി 34.58 ശരാശരിയും 169.94 സ്ട്രൈക്ക് റേറ്റുമുള്ള താരം 41 വിക്കറ്റുകളും കൗണ്ടി ക്രിക്കറ്റിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് ആഭ്യന്തര ലീഗുകളിൽ തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.