ഹാലൻഡിനെ ടീമിൽ എത്തിച്ചതിന്റെ ഔദ്യോഗിക സ്ഥിരീകരണവുമായി സിറ്റി
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡുമായി കരാറിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലന്‍ഡിനെ സിറ്റി നീലക്കുപ്പായമണിയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരക്കാരനായാണ് സിറ്റി ഹാലന്‍ഡിനെ ടീമില്‍ എത്തിക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ജർമൻ ക്ലബ് ബൊറൂസിയ ഡോര്ട്ടുമുണ്ടിലെത്തിയ ഹാലന്‍ഡ് ക്ലബിനായി 88 കളിയില്‍ നിന്ന് 85 ഗോള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ പിതാവും നേരത്തെ മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഹാലൻഡുമായുള്ള കരാറിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ തന്നെ അനുവദിച്ചിട്ടില്ലെന്നും എന്നാൽ എല്ലാം പൂർത്തിയാകുമ്പോൾ എല്ലാം വെളിപ്പെടുത്തുമെന്ന് ഉറപ്പുനൽകിയെന്നും ഗാർഡിയോള പറഞ്ഞു.
എന്തായാലും വരും സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ കൂടുതൽ ഭയക്കേണ്ടി വരുമെന്ന സൂചനയാണ് ഹാലൻഡിന്റെ വരവോടെ മനസിലാക്കേണ്ടത്. പോരാത്തതിന് കിട്ടാക്കനിയായ യുവേഫ ചാമ്പ്യൻസ് ലീഗ് നേടാനും യുവ സ്ട്രൈക്കറുടെ സാന്നിധ്യം പെപ് ഗ്വാർഡിയോളയെ ഏറെ സഹായിക്കും.