ശ്രീലങ്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര റദ്ദാക്കി പാകിസ്ഥാൻ
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർത്ഥന പ്രകാരം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര റദ്ദാക്കി പാകിസ്ഥാൻ. ഇതിനു പകരമായി ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രണ്ട് ടെസ്റ്റുകൾക്കായി പാക് ടീം ലങ്കയിലെത്തും. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായാണ് ടെസ്റ്റ് പരമ്പര അരങ്ങേറുക.
ഐസിസി ലോകകപ്പ് സൂപ്പർ ലീഗിൽ ഏകദിനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ആയതിനാൽ ശ്രീലങ്കയിൽ അടുത്ത കാലത്തായി നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര റദ്ദാക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്.
രാജ്യത്ത് വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ ഡേ-നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് പ്രയാസമാണ്. കൂടാതെ ഈ വർഷാവസാനം രണ്ട് ടെസ്റ്റുകൾ, അഞ്ച് ഏകദിനങ്ങൾ, മൂന്ന് ടി20 എന്നിവയ്ക്കായി ക്രിക്കറ്റ് ഓസ്ട്രേലിയ എത്തുന്നതിനാൽ ശ്രീലങ്കയിലെ സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണ്. പ്രശ്നങ്ങൾ രൂക്ഷമായാൽ ഓസീസും പരമ്പര ഉപേക്ഷിക്കാൻ തയാറായേക്കും.