ഹൈദരാബാദിനെ 21 റൺസിന് തകർത്ത് ഡൽഹിക്ക് വിജയം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 21 റൺസിന്റെ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഡൽഹി ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മയെഖലീല്‍ അഹമ്മദും നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ആന്‍റിച്ച് നോർടെ പുറത്താക്കിയപ്പോൾ ഹൈദരാബാദ് അഞ്ചോവറിൽ 24-2 എന്ന നിലയിലേക്ക് പരുങ്ങി.
എന്നാൽ രാഹുല്‍ ത്രിപാഠിയുടെ (22) ഇന്നിംഗ്‌സ് ഓറഞ്ച്പടക്ക് ആശ്വാമേകിയപ്പോഴേക്കും മിച്ചല്‍ മാര്‍ഷിന്റെ പന്തിൽ ത്രിപാഠിയും മടങ്ങി. മധ്യനിരയില്‍ ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും ചേര്‍ന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്തെങ്കിലും വിജയം മാത്രം അകന്നുനിന്നു.
25 പന്തില്‍ 42 റൺസെടുത്ത് മാർക്രം മടങ്ങിയപ്പോൾ പോരാട്ടം പുരാനിലേക്ക് ഒതുങ്ങിയത് ഡൽഹിക്ക് തുണയായി. 34 പന്തില്‍ 62 റണ്‍സടിച്ച പുരാനും വീണതോടെ ഡൽഹി വിജയം ഉറപ്പിച്ചിരുന്നു. ജയത്തോടെ 10 കളികളില്‍ പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തി.