വാർണറും പവലും ആറാടി, ഹൈദരാബാദിനെതിരെ ഡൽഹിക്ക് കൂറ്റൻ സ്കോർ
ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയിക്കാൻ 208 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത് ഡേവിഡ് വാർണറിന്റെയും റോവ്മാൻ പവലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ്.
തുടക്കം വളരെ മോശമായിരുന്നുവെങ്കിലും ഒരു സൈഡിൽ നിലയുറപ്പിച്ച ഡേവിഡ് വാർണറാണ് സ്കോർ ചലിപ്പിച്ചത്. പൃഥ്വി ഷായ്ക്ക് പകരമെത്തിയ മന്ദീപ് സിങ് റൺസൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ സൂപ്പർതാരം മിച്ചൽ മാർഷും (10) വേഗത്തിൽ മടങ്ങി. പിന്നീട് ക്രീസിലെത്തിയ നായകൻ റിഷഭ് പന്ത് ആഞ്ഞടിച്ചതോടെ സ്കോർ വേഗം കൂടി. 16 പന്തിൽ 26 റൺസെടുത്ത റിഷഭിനെ ശ്രേയസ് ഗോപാൽ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി.
ഒമ്പത് ഓവറിൽ 85-3 എന്ന നിലയിലേക്ക് പരുങ്ങിയ ഡൽഹിക്ക് റോവ്മാൻ പവലും വാർണറുമാണ് കരുത്തായത്. വിൻഡീസ് താരം 35 പന്തിൽ 67 റൺസെടുത്തപ്പോൾ വാർണർ 58 പന്തിൽ 92 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, ഷോൺ ആബട്ട് ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റും നേടി.